Quantcast

'ഹക്കീം ഫൈസിയുമായി വേദി പങ്കിടരുത്, സഹകരിക്കരുത്'; വിലക്കുമായി സമസ്ത

ഇന്ന് കോഴിക്കോട് നാദാപുരത്ത് നടക്കുന്ന വാഫി പരിപാടിയിൽ ഹക്കീം ഫൈസിക്കൊപ്പം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പങ്കെടുക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-02-20 09:21:57.0

Published:

20 Feb 2023 9:18 AM GMT

HakeemFaizySamasthaissue, HakeemFaizySamasthaControversy, HakeemFaizysamasthaban
X

കോഴിക്കോട്: കോ-ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ്(സി.ഐ.സി) ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുമായി വേദി പങ്കിടരുതെന്ന് മുന്നറിയിപ്പുമായി സമസ്ത. സമസ്ത സംഘടനകളായ സുന്നി യുവജനസംഘം(എസ്.വൈ.എസ്)-എസ്.കെ.എസ്.എസ്.എഫ് സംയുക്ത യോഗമാണ് നേതാക്കൾക്കും പ്രവർത്തകർക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് കോഴിക്കോട് നാദാപുരത്ത് വാഫി കോളജ് പരിപാടിയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കാനിരിക്കെയാണ് നേതാക്കൾ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

നാദാപുരം പെരുമുണ്ടശ്ശേരിയിൽ ഇന്ന് നടക്കുന്ന വാഫി പരിപാടിയിൽ ഹക്കീം ഫൈസിക്കൊപ്പം സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. വരക്കൽ മുല്ലക്കോയ തങ്ങൾ വാഫി കോളജ് ഉദ്ഘാടനവും ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളജ് ശിലാസ്ഥാപനവുമാണ് വൈകീട്ട് നടക്കുന്നത്. സാദിഖലി തങ്ങൾക്കു പുറമെ സമസ്ത നേതാക്കളായ അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, 'സുപ്രഭാതം' ഡയരക്ടർ ബോർഡ് അംഗമായ സൈനുൽ ആബിദീൻ സഫാരി, പി.എസ്.എച്ച് തങ്ങൾ, എം.എ മുഹമ്മദ് ജമാൽ, റഫീഖ് സകരിയ്യ ഫൈസി തുടങ്ങിയവരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെയും ആദർശവിരുദ്ധ പ്രചാരണങ്ങളുടെയും പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അച്ചടക്കനടപടി സ്വീകരിച്ച അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ കൂടെ സംഘടനാ നേതാക്കളും പ്രവർത്തകരും വേദി പങ്കിടരുതെന്ന് സമസ്ത വാർത്താകുറിപ്പിൽ പറയുന്നു. ഹകീം ഫൈസിയുമായി സഹകരിക്കുകയോ പരിപാടികളിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്നും എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചതായും വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വിപുലമായ സംസ്ഥാനതല പ്രവർത്തക സംഗമം ഉടൻ കോഴിക്കോട്ട് വിളിച്ചുചേർക്കാനും യോഗം തീരുമാനിച്ചു.

കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ലക്കിടി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിൻകുട്ടി മാസ്റ്റർ, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, മുസ്തഫ മുണ്ടുപാറ, ടി.പി. സി തങ്ങൾ, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, എ.എം പരീത് എറണാകുളം, കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ, ഇബ്റാഹിം ഫൈസി പേരാൽ, സി.കെ.കെ മാണിയൂർ, സത്താർ പന്തലൂർ, സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, അയ്യൂബ് മുട്ടിൽ, ആഷിഖ് കുഴിപ്പുറം, ബഷീർ അസ്അദി നമ്പ്രം, ഒ.പി.എം അഷ്റഫ്, നിസാർ പറമ്പൻ, റശീദ് ഫൈസി വെള്ളായിക്കോട്, സലീം എടക്കര തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്.

Summary: Samastha has warned the leaders and activists not to share the platform and cooperate with Abdul Hakeem Faizy Adrisseri, General Secretary, Coordination of Islamic Colleges (CIC)

TAGS :

Next Story