'കാലിലെ മുറിവ് ഉണങ്ങുന്നില്ല': അബ്ദുല്‍ നാസര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഫലപ്രദമായ വിദഗ്ധ ചികിത്സ കൊണ്ട് ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ

- Published:
23 Feb 2026 8:12 PM IST

കൊച്ചി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം എറണാകുളത്തെ വസതിയിൽ തുടർ ചികിത്സകളുമായി കഴിഞ്ഞിരുന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ വീണ്ടും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു .
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർ ചികിത്സകളും ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണവുമായി അണുവിമുക്ത അന്തരീക്ഷത്തിൽ കഴിഞ്ഞിരുന്ന മഅ്ദനിയെ വലതുകാലിൽ ഉണ്ടായ മുറിവ് ഭേദമാകാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
അഞ്ച് മാസങ്ങൾക്ക് മുമ്പ് ബോംബാക്രമണത്തില്‍ നഷ്ടപ്പെട്ട വലതുകാലിന്റെ അവശേഷിച്ച ഭാഗത്ത് ഉണ്ടായ മുറിവ് നിരന്തര ചികിത്സകൾക്ക് ശേഷവും ഭേദമാകാത്തതിനെ തുടർന്നാണ് വിദഗ്ധ ചികിത്സകൾക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘകാലമായി തുടരുന്ന ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയ്ക്കുണ്ടായ തകരാറുകൾ മുറിവ് ഭേദമാകാത്തതിന് കാരണമായി ഡോക്ടർമാർ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
വിവിധ ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ കഴിയുന്ന മഅ്ദനിയെ തുടർച്ചയായി സി.ടി - ഡോപ്ളർ സ്‌കാനുകൾക്കും എക്കോ, ഇസിജി, എക്സറേ, വിവിധ രക്ത പരിശോധനകൾ എന്നിവക്കും വിധേയമാക്കി. ആശങ്കപ്പെടാനില്ലെന്നും ഫലപ്രദമായ വിദഗ്ധ ചികിത്സ കൊണ്ട് ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ.
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ നേഫ്രോളജിസ്റ്റ് ഡോ. പി.എച്ച് മുഹമ്മദ് ഇഖ്ബാലിൻ്റെ നേതൃത്വത്തിൽ വാസ്കുലർ സർജറി മേധാവി ഡോക്ടർ പ്രദീപ് വിവിധ വിഭാഗങ്ങളിലെ വിദഗ്ധ മെഡിക്കല്‍ സംഘം എന്നിവർ വിശദമായ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും നിരന്തരം വിധേയമാക്കുന്നുണ്ട്. ഭാര്യ സൂഫിയ മഅ്ദനി, മകൻ സലാഹുദ്ദീൻ അയ്യൂബി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് ,സലിം ബാബു , അഷ്റഫ് വാഴക്കാല എന്നിവർ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.
Adjust Story Font
16
