അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ നഷ്ടപ്പെട്ട സംഭവം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അന്വേഷണം നടത്തും
മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് സർക്കാർ ഡിജിപിക്ക് നിർദേശം നൽകിയത്

അഭിമന്യു
കൊച്ചി: അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അന്വേഷണം നടത്തും. മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് സർക്കാർ ഡിജിപിക്ക് നിർദേശം നൽകിയത്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് അഭിമന്യുവിന്‍റെ സഹോദരൻ പരിജിത്ത് ആവശ്യപ്പെട്ടു.
മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ട് അഞ്ചര വർഷം പിന്നിട്ടിട്ടും വിചാരണ നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടയിലാണ് സെൻട്രൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം,പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മജിസ്ട്രേറ്റിന് നൽകിയ മൊഴികൾ അടക്കമുള്ള 11 സുപ്രധാന രേഖകൾ എറണാകുളം സെഷൻസ് കോടതിയിൽ നിന്നും കാണാതായ വിവരം മീഡിയവൺ പുറത്തുവിട്ടത്. പിന്നാലെ സംഭവത്തിൽ അന്വേഷണം നടത്താൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് സർക്കാർ നിർദ്ദേശം നൽകി. വിചാരണ നടക്കാനിരിക്കെ രേഖകൾ കാണാതെ പോയതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും അഭിമന്യുവിന്‍റെ സഹോദരൻ പരിജിത്ത് ആവശ്യപ്പെട്ടു.
രേഖകൾ നഷ്ടപ്പെട്ടതിന് പിന്നിൽ അട്ടിമറി ഉണ്ടായിട്ടുണ്ടെന്ന് കെഎസ്‌യു ആരോപിച്ചു. സുപ്രധാന രേഖകൾ നഷ്ടമായത് യാദൃശ്ചികമല്ലെന്നും അഭിമന്യു വധക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് സി.പി.എം ആണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. അതിനിടെ രേഖകൾ വീണ്ടും തയ്യാറാക്കണമെന്നുള്ള നിർദ്ദേശമാണ് സെഷൻസ് കോടതിക്ക് ഹൈക്കോടതി നൽകിയിരിക്കുന്നത്. പകർപ്പുകൾ ശേഖരിച്ച് സർട്ടിഫൈ ചെയ്യേണ്ടതിനാൽ വിചാരണ നടപടികൾ ആരംഭിക്കാൻ വൈകും.
Adjust Story Font
16

