Quantcast

പാമ്പാടിയിൽ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവർക്കെതിരെ കേസ്

റോഡിലേക്ക് ഇറങ്ങിനിന്ന് സംസാരിച്ചിരുന്ന രണ്ടുപേരെ ഇടിക്കാതിരിക്കാൻ മുന്നിൽ പോയ കാർ ബ്രേക്ക് ചെയ്തതോടെ പിന്നിൽ വന്ന സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    23 Oct 2026 1:47 PM IST

പാമ്പാടിയിൽ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവർക്കെതിരെ കേസ്
X

കോട്ടയം: പാമ്പാടിയിൽ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. കുമളി–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സിഎംഎസ് ബസിന്റെ ഡ്രൈവർക്കെതിരെയാണ് പാമ്പാടി പൊലീസ് കേസെടുത്തത്. റോഡിലിറങ്ങി അലക്ഷ്യമായി സംസാരിച്ചുനിന്നവരും അപകടത്തിന് ഉത്തരവാദികളാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കെ.കെ റോഡിൽ പതിമൂന്നാം മൈലിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.40ഓടെയാണ് അപകടമുണ്ടായത്. പാമ്പാടിയിൽനിന്ന് പുളിക്കൽ കവലയിലേക്ക് പോവുകയായിരുന്ന മീനടം സ്വദേശികളായ ആഷ്‌ലി, കൃപ എന്നിവർ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.

റോഡിലേക്ക് ഇറങ്ങിനിന്ന് സംസാരിച്ചിരുന്ന രണ്ടുപേരെ ഇടിക്കാതിരിക്കാൻ മുന്നിൽ പോയ കാർ ബ്രേക്ക് ചെയ്തതോടെ പിന്നിൽ വന്ന സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. എതിർദിശയിൽ വന്ന കുമളി–കോട്ടയം റൂട്ടിലെ സിഎംഎസ് ബസിനടിയിലേക്ക് സ്കൂട്ടർ യാത്രക്കാർ വീണു. ഇരുവരുടെയും ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങിയതോടെ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡിൽ അലക്ഷ്യമായി നിൽക്കുന്നതിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് സമൂഹമാധ്യമങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ‘സൊറ പറയാനുള്ള ഇടമല്ല റോഡ്’ എന്ന മുന്നറിയിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്.

TAGS :

Next Story