Quantcast

മുൻ മിസ് കേരള അടക്കമുള്ളവരുടെ അപകടമരണം; സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ ഒളിപ്പിച്ചതായി പൊലീസ്

MediaOne Logo

Web Desk

  • Published:

    12 Nov 2021 12:13 PM GMT

മുൻ മിസ് കേരള അടക്കമുള്ളവരുടെ അപകടമരണം; സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ ഒളിപ്പിച്ചതായി പൊലീസ്
X

മുൻ മിസ് കേരള അടക്കമുള്ളവരുടെ അപകടമരണവുമായി ബന്ധപ്പെട്ട് പരിശോധന നടന്ന ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ ഒളിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ഹോട്ടൽ ജീവനക്കാരൻ തന്നെയാണ് പൊലീസിന് മൊഴി നൽകിയത്. ഹോട്ടലുടമയെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.

മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തില്‍ മരിച്ച കേസിൽ ഫോർട്ട് കൊച്ചിയിലെ നന്പർ 18 ഹോട്ടലിൽ രണ്ട് തവണ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നടന്ന ഡിജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്പോഴായിരുന്നു അപകടം എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന. എന്നാൽ പരിശോധനയിൽ ഡി.ജെ പാര്‍ട്ടി നടന്ന ഹാളിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചില്ല. തുടര്‍ന്ന് ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ദൃശ്യങ്ങള്‍ ഹോട്ടല്‍ ഉടമ ഇടപെട്ട് മാറ്റിയതാണെന്ന നിര്‍ണായക വിവരം ലഭ്യമായത്. അപകടം നടന്ന അടുത്ത ദിവസം തന്നെ ഹോട്ടലുടമയുടെ നിർദേശ പ്രകാരം ഡി.ജെ പാര്‍ട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡിവിആർ മാറ്റിയെന്നാണ് ജീവനക്കാരന്റെ മൊഴി. ഹോട്ടലിലുള്ള ബാറിന്റേതടക്കം സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിരിക്കെ ഡിജെപാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ മാത്രം മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുടമയെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഡ്രൈവർ അബ്ദുള്‍ റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാൾ വാഹനം ഓടിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തെൽ . ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

TAGS :

Next Story