വെഞ്ഞാറമ്മൂട് കൂട്ടക്കൊല: പ്രതി അഫാനെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും, കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ്
കടം വീണ്ടും പെരുകാൻ കാരണം അഫാന്റെ ആഡംബര ജീവിതമെന്ന് പിതാവ്

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ പ്രതി അഫാനെ ഇന്ന് മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തേക്കും. പിന്നാലെ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിൽ ലഭിച്ചാലുടൻ കൊല നടന്ന വീടുകളെത്തിച്ച് തെളിവെടുപ്പ് നടത്തും. മറ്റ് കേസുകളിൽ കൂടി അഫാന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അതേസമയം, കൂട്ടക്കൊലയ്ക്ക് പിന്നിൽ കടബാധ്യതയെന്ന് പോലീസ് ഉറപ്പിച്ചു.
പിതാവ് റഹിമിന്റെ സൗദിയിലെ ബിസിനസ് പൊളിഞ്ഞതിനെത്തുടർന്ന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ചിട്ടിയും കടംവാങ്ങിയുമൊക്കെയാണ് കുടുംബം മുന്നോട്ട് പോയതെന്ന് അഫാൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കടം വീണ്ടും പെരുകാൻ കാരണം അഫാന്റെ ആഡംബര ജീവിതമെന്ന് പിതാവ് മൊഴി നൽകി.
അഫാന്റെ പിതാവ് റഹീം ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു. മൂന്ന് മണിക്കൂർ നീണ്ടു നിന്നതായിരുന്നു മൊഴിയെടുപ്പ്. അഫാൻ പറയുന്നത്ര സാമ്പത്തിക പ്രതിസന്ധി കുടുംബത്തിന് ഉള്ളതായി അറിയില്ലെന്നാണ് റഹീം പറഞ്ഞത്. കുറച്ചുകാലമായി നാട്ടിൽ നിന്ന് വിവരങ്ങൾ അറിഞ്ഞിരുന്നില്ല. വിദേശത്തെ സാമ്പത്തിക പ്രതിസന്ധി അഫാനെയോ കുടുംബത്തെയോ അറിയിച്ചിരുന്നില്ല. പാങ്ങോട് സി ഐ യോടാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എന്നാൽ വിശദമായി മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ വെഞ്ഞാറമൂട് പോലീസ് ആവശ്യപ്പെടുകയായിരുന്നു.
Adjust Story Font
16

