ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ ചോദിച്ചു വിളിച്ച സംഭവം; പ്രതി മാനസിക പ്രശ്നം ഉള്ളയാളെന്ന് പൊലീസ്
ഏതെങ്കിലും സംഘടനകളും ആയി ബന്ധമുള്ളതായി ഇതുവരെയും തെളിവില്ല

കൊച്ചി: ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടിയ സംഭവത്തിലെ പ്രതി മാനസിക പ്രശ്നം ഉള്ളയാളെന്ന് പൊലീസ്. 2021 മുതൽ ചികിത്സ തേടുന്നുണ്ടെന്ന് കൊച്ചി കമ്മീഷണർ പുട്ടവിമലാദിത്യ വ്യക്തമാക്കി. ഏതെങ്കിലും സംഘടനകളും ആയി ബന്ധമുള്ളതായി ഇതുവരെയും തെളിവില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. ഫോൺ വിളിച്ചു എന്ന കാര്യം മുജീബ് ഇതുവരെയും സമ്മതിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
നാവികസേന ആസ്ഥാനത്ത് വിളിച്ചു ഐഎൻഎസ് വിക്രാന്തിന്റെ യഥാർത്ഥ ലൊക്കേഷൻ തേടിയ കേസിൽ കോഴിക്കോട് എലത്തൂർ സ്വദേശി മുജീബ് റഹ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തി നാവിക ആസ്ഥാനത്തേക്ക് ഫോൺ വന്നത്.
ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ അറിയണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന പേരിൽ നേവി ആസ്ഥാനത്തേക്ക് ഫോൺ വന്നത്. വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് ഫോൺകാൾ വന്നത്.
കൊച്ചി ഹാർബർ പോലീസ് കസ്റ്റഡിയിലെടുത്ത മുജീബ്റഹ്മാനെ ചോദ്യം ചെയ്യലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Adjust Story Font
16

