'കസ്റ്റഡി മര്‍ദനത്തില്‍ നടപടി വേണം'; നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് പ്രതിപക്ഷം
പൊലീസുകാരെ പിരിച്ചുവിടാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: കുന്നംകുളത്ത് സുജിത്തിനെ മർദിച്ച പൊലീസുകാരെ പിരിച്ചുവിടുന്നത് വരെ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം. പൊലീസുകാരെ പിരിച്ചുവിടും വരെ സനീഷ് കുമാർ ജോസഫും, എ.കെ.എം അഷ്റഫും നിയമസഭാ കവാടത്തിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു.
പൊലീസ് മർദനത്തിലെ അടിയന്തര പ്രമേയ ചർച്ചക്കിടെ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ സമര പ്രഖ്യാപനം. സിപിഎം നേതാക്കൾക്കടക്കം പൊലീസിന്റെ മർദനമേറ്റു. നടപടി എടുക്കാൻ ധൈര്യമില്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിഞ്ഞു പോകണമെന്നും സതീശൻ പറഞ്ഞു.
കുറ്റം ചെയ്തതായി കണ്ടാൽ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. 2016 മുതൽ 144 പൊലീസുകാരെ പിരിച്ചുവിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു സംഭവം എടുത്തു കാണിച്ച് അതിന്റെ മേലെ കേരള പൊലീസ് ആകെ മോശപ്പെട്ടതായി ചിത്രീകരിക്കാൻ പറ്റില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസുകാരെ പിരിച്ചുവിടാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
Adjust Story Font
16

