Quantcast

ചിരിയുടെ രാജാവിന് ഇന്ന് കേരളം വിടചൊല്ലും

ഇന്നു രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം

MediaOne Logo

Web Desk

  • Updated:

    2023-03-28 02:08:29.0

Published:

28 March 2023 1:14 AM GMT

ActorInnocentfuneral
X

ഇരിങ്ങാലക്കുട: ചിരിയുടെ രാജാവിന്, മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റിന് ഇന്ന് കേരളം വിടനൽകും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം. ഇന്നലെ ജീവിതത്തിന്റെ നാനാതുറകളിൽനിന്നുള്ള പതിനായിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കടവന്ത്രയിലേക്കും ഇരിങ്ങാലക്കുടയിലേക്കും ഒഴുകിയെത്തിയത്.

ഞായറാഴ്ച രാത്രി കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിലായിരുന്നു മുൻ എം.പി കൂടിയായ ഇന്നസെന്റ് അന്തരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐ.സി.യുവിൽനിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില വീണ്ടും വഷളായതോടെ ഇ.സി.എം.ഒയുടെ സഹായത്തിലാണ് അവസാന നിമിഷംവരെ കഴിഞ്ഞിരുന്നത്.

ഇന്നലെ രാവിലെ എട്ടുമുതൽ 11.30 വരെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിനു വച്ചു. ഇന്നസെന്റിനെ അവസാനമായി കാണാനെത്തിയ നടൻ കുഞ്ചനും മുകേഷും സായികുമാറുമെല്ലാം സങ്കടമടക്കാനാകാതെ പൊട്ടിക്കരഞ്ഞു. മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങി 100 കണക്കിന് സഹപ്രവർത്തകരാണ് ഇന്നസെന്റിന് അവസാന യാത്രാമൊഴിയേകാൻ ഇൻഡോർ സ്റ്റേഡിയത്തിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുടങ്ങി മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളെല്ലാം കടവന്ത്രയിലെത്തി.

തുടർന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. മൂന്ന് മണി മുതൽ ഇരിങ്ങാലക്കുടയിലെ വസതിയിൽ പൊതുദർശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മോഹൻലാൽ, മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർ ഇരിങ്ങാലക്കുടയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

ഇന്നു രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലേക്ക് ഭൗതികദേഹം കൊണ്ടുപോകും. ഇവിടെയും പൊതുദർശനത്തിനുശേഷമായിരിക്കും കിഴക്കെ സെമിത്തേരിയിൽ സംസ്‌കാരം നടക്കുക.

Summary: Kerala will bid farewell to Malayalam's beloved actor Innocent today. The funeral will be held at St. Thomas Cathedral, Irinjalakuda at at 10 am

TAGS :

Next Story