നടൻ ശ്രീനിവാസൻ അന്തരിച്ചു
അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലാണ് താമസം.
ഏറെ കാലമായി ആരോഗ്യപ്രശ്നങ്ങളുമായി കഴിയുകയായിരുന്നെങ്കിലും ശ്രീനിവാസൻ പല പൊതുവേദികളിലും എത്തിയിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ.
1956 ഏപ്രിൽ ആറിന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ശ്രീനിവാസന്റെ ജനനം. കൂത്തുപറമ്പ് മിഡിൽ സ്കൂൾ, തലശ്ശേരി ഗവ. ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശിരാജ, എൻഎസ്എസ് കോളജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീനിവാസൻ ശേഷം ചെന്നൈയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയത്തിൽ ഡിപ്ലോമ നേടി.
1977ൽ പി.എ ബക്കർ സംവിധാനം ചെയ്ത 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് കെ.ജി ജോർജ് സംവിധാനം ചെയ്ത 'മേള'യിൽ അഭിനയിച്ചു. തുടർന്ന് പല സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹം 1984ൽ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് തിരക്കഥാ രചനയ്‌ക്ക് തുടക്കമിടുന്നത്.
വരവേൽപ്പ്, നാടോടിക്കാറ്റ്, സന്ദേശം, വടക്കുനോക്കിയന്ത്രം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥ ശ്രീനിവാസന്റെ തൂലികയിലാണ് പിറന്നത്. തിരക്കഥ എഴുതിയ സിനിമകളിൽ ഭൂരിഭാഗവും വലിയ വിജയങ്ങളായ ചിത്രങ്ങളായിരുന്നു.
1989 ൽ 'വടക്കുനോക്കിയന്ത്രം', 1998ൽ 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ സിനിമകൾ സംവിധാനം ചെയ്തു പ്രേക്ഷക പ്രശംസ നേടി. ആദ്യകാലത്ത് ശ്രീനിവാസൻ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. സിനിമാനിർമാണ മേഖലയിലും തന്റെ കഴിവുതെളിയിച്ച ശ്രീനിവാസൻ നിർമിച്ച ചിത്രങ്ങൾ സാമ്പത്തികവിജയം നേടിയവയായിരുന്നു. മികച്ച കഥ, തിരക്കഥ, സിനിമ എന്നിങ്ങനെ അഞ്ച് തവണ സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ പ്രതിഭ കൂടിയാണ് ശ്രീനിവാസൻ.
Adjust Story Font
16

