Quantcast

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

ആറ് വർഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാൽ ജാമ്യത്തിന് അർഹനാണെന്നാണ് പൾസർ സുനിയുടെ വാദം

MediaOne Logo

Web Desk

  • Published:

    27 Feb 2023 1:26 AM GMT

actress assault case_pulsar suni
X

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഹർജിയിൽ അതിജീവിതയുടെത് ഉൾപ്പെടെ പൾസർ സുനിക്കെതിരായ മൊഴികൾ ഹാജരാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ നിർദേശം നൽകിയിരുന്നു.

സുനിക്കെതിരായ മൊഴികൾ വിചാരണ കോടതി ഇന്ന് ഹൈക്കോടതിക്ക് കൈമാറിയേക്കും. ആറ് വർഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാൽ ജാമ്യത്തിന് അർഹനാണെന്നാണ് പൾസർ സുനിയുടെ വാദം. കേസിൽ വിചാരണ ഇനിയും നീളുമെന്ന് വിചാരണ കോടതി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കേസിൽ വിചാരണ നീണ്ടു പോയതിന്‍റെ ഭാഗമായി 6 കൊല്ലമായി വിചാരണ തടവുകാരനായി താൻ തുടരുകയാണെന്നും അതിനാൽ സ്വാഭാവിക നീതിക്ക് അർഹതയുണ്ടെന്നുമാണ് പള്‍സർ സുനി ഹൈക്കോടതിയെ അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ വിചാരണകോടതിയോട് വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് ഹൈക്കോടതി ചോദിച്ചത്.

അതേസമയം, കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കുന്നതിന് ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്താരത്തിന് പ്രോസിക്യുഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് കാണിച്ചാണ് ദിലീപ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നതിലും ദിലീപ് എതിർപ്പ് അറിയിച്ചിരുന്നു.

കാവ്യ മാധവന്‍റെ അച്ഛൻ മാധവനെയും അമ്മ ശ്യാമളേയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യുഷൻ ആവശ്യപ്പെടുന്നത് വിചാരണ നീട്ടി കൊണ്ടുപോകാൻ ആണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ ആരോപിച്ചു. ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയെ സമീപിച്ചത്.

TAGS :

Next Story