Quantcast

എഡിഎം നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണത്തിന് കോടതി ഉത്തരവ്

പി.പി. ദിവ്യയുടെ ഫോൺ രേഖകൾ പരിശോധിക്കും

MediaOne Logo

Web Desk

  • Published:

    16 March 2026 1:12 PM IST

എഡിഎം നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണത്തിന് കോടതി ഉത്തരവ്
X

തലശ്ശേരി: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി കുടുംബം നൽകിയ ഹരജിയിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഹരജി ഭാഗികമായി അംഗീകരിച്ച കോടതി, അന്വേഷണ സംഘം വിട്ടുകളഞ്ഞ നിർണായക ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടു.

അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയിൽ വാദിച്ചിരുന്നു. പി.പി. ദിവ്യയുടെ ഫോൺ കോൾ ലിസ്റ്റ് (CDR) ഉൾപ്പെടെയുള്ളവ കുറ്റപത്രത്തിനൊപ്പം ഹാജരാക്കാത്തത് ഗൂഢാലോചന മറച്ചുവെക്കാനാണെന്നും കുടുംബം ആരോപിച്ചു. ഈ വാദങ്ങൾ മുഖവിലക്കെടുത്താണ് കോടതിയുടെ പുതിയ നടപടി.

പ്രതിയായ പി.പി. ദിവ്യയുടെ ഫോൺ വിവരങ്ങൾ പൂർണമായും ശേഖരിക്കാനും അവ ശാസ്ത്രീയമായി വിശകലനം ചെയ്യാനും കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകി. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്നും ഇനി തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളി.

2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോകാനിരുന്ന അദ്ദേഹത്തിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ, അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അതിക്രമിച്ചു കയറി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നാണ് കേസ്.

TAGS :

Next Story