Quantcast

കെ ആർ നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ട് വിഷയത്തില്‍ അടൂർ ഗോപാലകൃഷ്ണന്റെ നിലപാട് നിർഭാഗ്യകരം: കമൽ

സിനിമ പഠിക്കാൻ വരുന്നവർക്ക് സംവരണം നിഷേധിക്കാൻ പാടില്ലെന്നും കമല്‍ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-12-21 10:34:19.0

Published:

21 Dec 2022 8:03 AM GMT

കെ ആർ നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ട് വിഷയത്തില്‍ അടൂർ ഗോപാലകൃഷ്ണന്റെ നിലപാട് നിർഭാഗ്യകരം: കമൽ
X

കെ ആർ നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തിന്‍റെ കാരണഭൂതനായ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടരാന്‍ പാടില്ലെന്ന് സംവിധായകന്‍ കമല്‍. ഡയറക്ടറെ മാറ്റുന്നകാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണം. ഇൻസ്റ്റിറ്റ്യൂറ്റ് വിഷയത്തില്‍ അടൂർ ഗോപാലകൃഷ്ണന്റെ നിലപാട് നിർഭാഗ്യകരമാണെന്നും സിനിമ പഠിക്കാൻ വരുന്നവർക്ക് സംവരണം നിഷേധിക്കാൻ പാടില്ലെന്നും കമല്‍ മീഡിയവണിനോട് പറഞ്ഞു.

" ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് കേരളത്തിൽ ഇങ്ങനെയൊന്നും നടക്കില്ലെന്ന് പറയുമ്പോഴും നമ്മുടെ കൺമുൻപിൽ അതും കെ.ആർ നാരായണന്‍റെ പേരിലുള്ള ഇൻസ്റ്റിറ്റൃൂട്ടിൽ ഇത്തരം സംഭവങ്ങള്‍ നടക്കുന്നതാണ്. അതാണ് ഏറ്റവും വലിയ വൈരുദ്ധ്യവും. അതിന് കാരണഭൂതനായിട്ടുള്ളത് ആരാണെങ്കിലും എത്ര വലിയ വ്യക്തിയാണെങ്കിലും അത് ശരിയല്ല. അത്തരം നിലപാടുകളുള്ളവർ ആ സ്ഥാപനത്തിൽ ഉണ്ടാകാൻ പാടില്ലെന്നാണ് എനിക്ക് പറയാനുള്ളതാണ്. നമ്മുടെയൊക്കെ മനസുകളിൽ ജാതി ഉണ്ട്. ഫ്യൂഡൽ കാഴ്ചപ്പാടുള്ളവരുടെ ഉള്ളിൽ നിന്നും ചിലപ്പോഴെങ്കിലും ജാതി ചിന്ത തികട്ടി വരുന്നു എന്നതിന്‍റെ സൂചനയാണ് കെ ആർ നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ സംഭവം. അതിനെതിരെ സർക്കാർ നടപടി എടുക്കണം. എല്ലാ മേഖലയിലും സംവരണം നൽകുന്നിടത്ത് സിനിമ പഠിക്കാൻ വരുന്നവർക്ക് മാത്രം മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ സീറ്റ് നൽകണം എന്ന് പറയുന്നത് ശരിയല്ല.

വിദ്യാർത്ഥികള്‍ക്ക് അർഹിക്കുന്ന പരിഗണനയുടെ ഭാഗമായി ലഭിക്കുന്നതാണ് അവരുടെ സബ്സീഡി. അത് അവരുടെ അവകാശമാണ്, അത് സർക്കാർ തരുന്ന ചാരിറ്റി അല്ലേ എന്നാണ് സർക്കാർ സ്ഥാപനത്തിൽ ശമ്പളം പറ്റിക്കൊണ്ടിരിക്കുന്ന ഡയറക്ടർ ചോദിച്ചത്. ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒരു കാര്യമാണത്. ഇത്തരം അവകാശങ്ങളെ ചാരിറ്റിയായി കാണുന്ന മനസാണ് ഏറ്റവും വലിയ പ്രശ്നം.

അടൂർ സാറിന് ഇങ്ങനെ ഒരു നിലപാട് ഉണ്ടായത് എന്തുകൊണ്ടാണെന്ന് അറിയില്ല. അത് തീർത്തും നിർഭാഗ്യകരമാണ്. അദ്ദേഹത്തിന്‍റെ പ്രസ്താവന അപലപനീയമാണ്. ഇത്തരം ഒരു നിലപാട് അടിസ്ഥാനപരമായി ഉണ്ടോ എന്നെനിക്കറിയില്ല. എനിക്ക് അറിയാവുന്ന അടൂർ ഗോപാലകൃഷ്ണൻ അങ്ങനെ ഒരാളായി എനിക്ക് തോന്നിയിട്ടില്ല. ഉത്തരേന്ത്യയിലൊക്കെ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയുള്ള വലിയൊരു മൂവ്മെന്‍റിന്‍റെ കൂടെ നിൽക്കുകയും അതിൽ ഒപ്പിടുകയും ചെയ്തൊരാളാണ് അദ്ദേഹം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രശ്നം ഉണ്ടായപ്പോള്‍, കേരളത്തിൽ സമരത്തിന്‍റെ മുൻനിരയിൽ നിന്ന ആളാണ് അദ്ദേഹം. ഡയറക്ടറുമായുള്ള അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ബന്ധം അദ്ദേഹത്തെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചതായിരിക്കാം. പക്ഷേ വ്യക്തി ബന്ധങ്ങളല്ല നമ്മുടെ നിലപാടുകളും പുതിയ കാലത്ത് നമ്മള്‍ പുലർത്തേണ്ട ചില മര്യാദകളുമുണ്ട്. അതാരായാലും പാലിക്കേണ്ടതുണ്ട്".



TAGS :

Next Story