Quantcast

'അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന അപലപനീയം; പിന്‍വലിച്ച് മാപ്പ് പറയണം': ഫ്രറ്റേണിറ്റി

'പി.കെ റോസി എന്ന ദലിത് നടിയെ കല്ലെറിഞ്ഞവരുടെ അതേ ജാതീയ വെറിയാണ് പുതിയ കാലത്തെ അടൂരുമാരിലൂടെയും പുറത്തുവരുന്നത്'

MediaOne Logo

Web Desk

  • Published:

    4 Aug 2025 11:25 AM IST

അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന അപലപനീയം; പിന്‍വലിച്ച് മാപ്പ് പറയണം: ഫ്രറ്റേണിറ്റി
X

തിരുവനന്തപുരം: എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ള സിനിമ സംവിധായകര്‍ക്ക് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നല്‍കിവരുന്ന ഒന്നരക്കോടി രൂപയുടെ ധനസഹായം അഴിമതിക്ക് കാരണമാകുമെന്നും 50 ലക്ഷമാക്കി വെട്ടിക്കുറക്കണമെന്നുമുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന തികഞ്ഞ ജാതീയ മനോഭാവത്തില്‍ നിന്നുള്ളതാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ പറഞ്ഞു.

'നേരത്തെ ആപ്ലിക്കേഷനുകള്‍ ക്ഷണിച്ച് എക്‌സ്‌പേര്‍ട്ട് സ്‌ക്രൂട്ടിനിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന എസ്.എസ്/ എസ്.ടി വിഭാഗത്തില്‍പ്പെടുന്ന സംവിധായകര്‍ക്ക് 3 മാസമെങ്കിലും വിദഗ്ദ പരിശീലനം നല്‍കിയില്ലെങ്കില്‍ കാശ് തോന്നിയ പോലെ ഉപയോഗിക്കും എന്നാണ് അടൂര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരിക്കെ വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.

എസ്.സി/ എസ്. ടി വിഭാഗങ്ങളടക്കം സാമൂഹികമായി പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ സാംസ്‌കാരിക പ്രാതിനിധ്യത്തെ ഒരു നിലക്കും വേണ്ട രീതിയില്‍ വകവെച്ച് നല്‍കാത്ത ഇന്‍ഡസ്ട്രി കൂടിയാണ് സിനിമ. നിശ്ശബ്ദമാക്കപ്പെടുകയും വക്രീകരിക്കപ്പെടുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തിന്റെ കാഴ്ചകള്‍ക്ക് ഇടം നല്‍കാനുള്ള എളിയ ശ്രമങ്ങളായ ധനസഹായം പോലും അടൂരിനെ പോലുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നാണ് ഈ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത്.

തുല്യപ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ഭരണഘടന വ്യവസ്ഥ ചെയ്യുന്ന 'സംവരണം' നല്‍കുമ്പോള്‍ കഴിവില്ലാത്തവര്‍ക്ക് കൊടുക്കുന്നുവെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്ന അതേ സവര്‍ണ ലോജിക്ക് തന്നെയാണ് കഴിവില്ലാത്തവര്‍ക്ക് സിനിമ പിടിക്കാന്‍ ഫണ്ട് നല്‍കുന്നുവെന്ന അടൂരിന്റെ പ്രസ്താവനയിലും ഉള്ളത്.

പണ്ട് പി.കെ റോസി എന്ന ദലിത് സ്ത്രീ നടിയായി സിനിമയില്‍ വേഷമിട്ടപ്പോള്‍ തിരുവനന്തപുരത്ത് തിയറ്റര്‍ സ്‌ക്രീനിന് നേരെ കല്ലെറിഞ്ഞ ഒരു കൂട്ടരുണ്ട്. അന്ന് കല്ലെറിഞ്ഞവരുടെ അതേ ജാതീയ വെറി തന്നെയാണ് പുതിയ കാലത്തെ അടൂരുമാരിലൂടെയും പുറത്തുവരുന്നത്. ആ വേദിയില്‍ വെച്ചുതന്നെ അടൂര്‍ ഗോപാലകൃഷ്ണന്റെ ജാതിബോധത്തോട് ധീരമായി പ്രതിഷേധിച്ച ഗായിക പുഷ്പവതിക്ക് അഭിവാദ്യങ്ങള്‍,' നഈം ഗഫൂര്‍ പ്രസ്താവനയില്‍ പറയുന്നു

TAGS :

Next Story