കാർഷിക സർവകലാശാല ഫീസ് വർധന: 'പണം ഇല്ലാത്തതിന്റെ പേരിൽ ഒരാൾക്കും പഠനം നിർത്തേണ്ടി വരില്ല'; മന്ത്രി പി. പ്രസാദ്
ഫീസ് വർധന സർക്കാരിന്റെ തീരുമാനമല്ലെന്നും സർവകലാശാലയാണ് തീരുമാനിച്ചതെന്നും പി. പ്രസാദ് പറഞ്ഞു

Photo | MediaOne
കൊച്ചി: കാർഷിക സർവകലാശാല ഫീസ് വർധനയിൽ വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പണം ഇല്ലാത്തതിന്റെ പേരിൽ ഒരാൾക്കും പഠനം നിർത്തേണ്ടി വരില്ലെന്നും പി. പ്രസാദ് പറഞ്ഞു.
ഫീസ് വർധന സർക്കാരിന്റെ തീരുമാനമല്ലെന്നും സർവകലാശാലയാണ് തീരുമാനിച്ചതെന്നും പ്രശ്നം നാളെ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നെല്ലു സംഭരണത്തിൽ മില്ലുടമകളുടേത് നിഷേധാത്മക നിലപാടെന്നെന്നും പി. പ്രസാദ് പ്രതികരിച്ചു. മില്ലുടമകൾ അനാവശ്യ വാശി കാണിക്കുന്നു. പ്രശ്നം ഇന്ന് പരിഹരിക്കാനാകുമെന്ന് കരുതുന്നു. ഭക്ഷ്യമന്ത്രി മില്ലുടമകളുമായി ചർച്ച നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കാർഷിക സർവകലാശാലാ ഫീസ് വർധനയ്ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നുവന്നത്. എസ്എഫ്‌ഐ, കെഎസ്‌യു ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. പിഎച്ച്ഡി വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ ഫീസ് 18780 എന്നത് 49990 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. പിജി വിദ്യാര്‍ഥികളുടേത് 17845 എന്നത് 49500 ആയും ഉയര്‍ത്തി. ഡിഗ്രി വിദ്യാര്‍ഥികളുടെ ഫീസ് നിലവില്‍ 12000 ആണ്. ഇത് 48000 രൂപ ആയാണ് ഉയര്‍ത്താന്‍ പോകുന്നത്. കാര്‍ഷിക സര്‍വകലാശാലയിലെ ധന പ്രതിസന്ധി മറികടക്കാനാണ് ഫീസ് വര്‍ധനയെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം.
Adjust Story Font
16

