''സങ്കി ആയാലും മങ്കി ആയാലും സത്യം സത്യമായി പറയും'': സന്ദീപ് വാര്യരെ തേജോവധം ചെയ്യുന്നതിനെതിരെ കേരള കോണ്‍ഗ്രസ് നേതാവ്

സന്ദീപ് വാര്യര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടെങ്കിലും മസാല പുരട്ടി ഒരാളെ തേജോവധം ചെയ്യുന്നത് കഷ്ടമാണെന്നും ഹഫീസ് എഎച്ച്

MediaOne Logo

Web Desk

  • Updated:

    2021-06-08 06:02:20.0

Published:

8 Jun 2021 6:02 AM GMT

സങ്കി ആയാലും മങ്കി ആയാലും സത്യം സത്യമായി പറയും: സന്ദീപ് വാര്യരെ തേജോവധം ചെയ്യുന്നതിനെതിരെ കേരള കോണ്‍ഗ്രസ് നേതാവ്
X

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്ക് മര്‍ദ്ദനമേറ്റെന്ന പ്രചാരണത്തെ തള്ളി കേരള കോണ്‍ഗ്രസ് നേതാവ്. പൊതുപ്രവര്‍ത്തകനും കേരള കോണ്‍ഗ്രസ് നേതാവുമായി എ എച്ച് ഹഫീസ് ആണ് വനിതാ നേതാവുമായി ബന്ധമെന്ന പേരില്‍ സന്ദീപ് വാര്യര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുടെ ഒരു സംസ്ഥാന നേതാവിന് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റെന്നും അത് സന്ദീപ് വാര്യരാണെന്നും ഉള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനിടെയാണ് സന്ദീപിനെതിരായ ആരോപണത്തെ തള്ളി എ എച്ച് ഹഫീസ് രംഗത്തെത്തിയിരിക്കുന്നത്.

തൃശൂരിലെ ബിജെപി യുടെ നേതാവും നഗരസഭ കൗണ്‍സിലറുമായ ഒരു വനിതാ നേതാവ് ഭര്‍ത്താവില്‍ നിന്ന് അനുഭവിക്കുന്ന പീഡനംമൂലം കോടതിയില്‍ വിവാഹ മോചനം ആവശ്യപ്പെട്ടു കേസ് ഫയല്‍ ചെയ്തിരുന്നു. അത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച സന്ദീപ് വാര്യരുടെ വസിതിയില്‍ വനിതാ നേതാവിന്‍റെ ഭര്‍ത്താവ് മദ്യപിച്ചെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ഹഫീസ് പറയുന്നത്. സംഭവം പൂര്‍ണ്ണമായും തനിക്കറിയാവുന്നതാണെന്നും ഹഫീസ് കൂട്ടിച്ചേര്‍ത്തു. സന്ദീപ് വാര്യര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടെങ്കിലും മസാല പുരട്ടി ഒരാളെ തേജോവധം ചെയ്യുന്നത് കഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്സ് ബുക്കിലൂടെയാണ് അദ്ദേഹം വിശദീകരണ കുറിപ്പുമായി രംഗത്തെത്തിയത്.

തുടര്‍ന്ന് സന്ദീപ് വാര്യര്‍ തനിക്ക് എത്ര രൂപ തന്നു എന്ന് ചോദിച്ചുകൊണ്ട് തന്നെ പലരും വിളിക്കുന്നുണ്ടെന്നും മറ്റൊരു പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു. സങ്കിയെ ന്യായികരീക്കാൻ ഇറങ്ങിയതിൽ ഭേദം മറ്റ് പണികൾക്ക് പോയ്കൂടെ എന്ന് വിലപിക്കുകയാണ് പലരും. സങ്കിയായാലും മങ്കി ആയാലും സത്യം സത്യമായി തന്നെ പറയും . അത് അനുകൂലമായാലും പ്രതികൂലമായാലും അങ്ങനെ തന്നെയായിരിക്കുമെന്നും ഹഫീസ് പറയുന്നു.

എ എച്ച് ഹഫീസിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം:

തൃശൂരിലെ ബി ജെ പി യുടെ നേതാവും നഗരസഭ കൗൺസിലറുമായ ഒരു വനിതാ നേതാവ് ഭർത്താവിൽ നിന്ന് അനുഭവിക്കുന്ന പീഡനംമൂലം കോടതിയിൽ വിവാഹ മോചനം ആവശ്യപ്പെട്ടു കേസ് ഫയൽ ചെയ്തു. അതോടെ ബി ജെ പി നേതാവായ സന്ദീപ് വാര്യരുടെ മധ്യസ്ഥതയിൽ ഒത്തു തീർപ്പിന് ശ്രമം നടന്നിരുന്നു . മധ്യപാനിയും സഹപ്രവർത്തകരായ അദ്ധ്യാപകരെപ്പോലും സംശയിച്ച് കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുന്ന ഒരുവനുമായി യോജിച്ചുള്ള ഒരു നീക്കത്തിനും തയ്യാറല്ലെന്നും ആ സ്ത്രീ പറഞ്ഞു.. ബുദ്ധിമുട്ടുകൾ പറഞ്ഞു.

അവർ അദ്ധ്യാപികയാണ്. പുതിയ അധ്യയന വർഷം ആരംഭിച്ചിട്ട് അവരുടെ മകളുടെ പുസ്തകങ്ങൾ എടുക്കാൻ പോലും ഭർത്താവ് അനുവദിക്കുന്നില്ല അത് മാത്രം വാങ്ങി കൊടുത്താൽ മതിയെന്ന് അവർ പറഞ്ഞു ഏതാനും ദിവസം മുമ്പ് സന്ദീപ് വാര്യർ എന്നെ വിളിച്ചിരുന്നു.

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ സമയത്ത് ബാലാവകാശ കമ്മീഷനിൽ സിറ്റിംഗ് ഉണ്ടോയെന്ന് അറിയാനാണ് പ്രാദേശിക പ്രവർത്തകരുടെ താല്പര്യപ്രകാരം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്. ബാലവാകാശ കമ്മീഷൻ വഴി കുഞ്ഞിന്‍റെ പാഠപുസ്തകം വീണ്ടെടുക്കാൻ കഴിയുമോ എന്നതായിരുന്നു ലക്ഷ്യം.

പക്ഷേ പൊലീസ് ഇടപെട്ടു ആ കുഞ്ഞിന്‍റെ പാഠപുസ്തകം വീണ്ടെടുത്ത് കൊടുത്തു .

ആ പ്രശ്നം അവസാനിപ്പിച്ചു.

എന്നാൽ പൊലീസ് ഇടപെടലിന് പിന്നിൽ സന്ദീപ് വാര്യർ ആണന്ന് സംശയത്തിൽ അയാൾ മദ്യപിച്ചു. സന്ദീപിന്‍റെ വസതിയിൽ എത്തി ബഹളം വച്ചു. ആ സമയം സന്ദീപ് വാര്യർ അവിടെ ഉണ്ടായിരുന്നില്ല . സന്ദീപിന്‍റെ സെക്രട്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാൾ മദ്യപാനിയെ പുറത്താക്കി വാതിലടച്ചു. അതിനിടയിൽ കതകിനിടയിൽ പെട്ട് ബഹളമുണ്ടാക്കിയ ആളുടെ കൈ മുറിഞ്ഞു. സെക്രട്ടറി അറിയിച്ചതനുസരിച്ച് സന്ദീപ് പോലീസിൽ വിവരമറിയിച്ചു . മദ്യപാനിയെ സ്ഥലത്ത് നിന്ന് നീക്കി. പിന്നീട് സന്ദീപ് വാര്യർ അവിടെ എത്തി .

പക്ഷേ വിഷയത്തിൽ മസാല കലർത്തി വ്യക്തിപരമായി തേജോവധം ചെയ്യാൻ ചില ശ്രമങ്ങൾ കണ്ടു. അത് കഷ്ടമാണ് . സന്ദീപിന്‍റെ രാഷ്ട്രീയ നിലപാടുകൾ വിഭിന്നവും സംഘ ഫാസിസത്തിന്‍റെനിലവാരവുമാണ്. അതിനെ അതിന്‍റെ രീതിയിൽ ചെറുത്ത് നിലയുറപ്പിക്കും. പക്ഷേ സത്യം വ്യക്തമായി അറിയാവുന്ന ഒരാൾ എന്ന നിലയിൽ സന്ദീപിനെതിരെ വ്യക്തിപരമായ യാതൊരു നീക്കവും പ്രോത്സാഹിപ്പിക്കില്ല.

സന്ദീപ് വാര്യർ സംഘിയാണ് .

ആ ഫാസിസത്തിന്‍റെ മാർഗം എന്‍റെ കാഴ്ചപ്പാടിൽ എതിർക്കേണ്ടത് തന്നെയാണ് .

അത് മസാല പുരട്ടിയല്ല, ആശയപരമായി തന്നെ എതിർക്കും .

അകംപൊള്ളയായ ആരോപണങ്ങൾ ഉപയോഗിച്ച് ഇടതു നേതാക്കളെ വേട്ടയാടാനിറങ്ങുമ്പോൾ ഓരോ സംഘിയും ഓർക്കണം തനിക്ക് നേരെയും സംഘികൾ ചതിക്കുഴികൾ തീർക്കുമെന്ന സത്യം

TAGS :

Next Story