Quantcast

'വിമര്‍ശിക്കാം, പക്ഷേ...'; ദിയാ കൃഷ്ണ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി അഹാന

ഒരാളുടെ അഭിപ്രായം ഒരു കുടുംബത്തിൻ്റെ മുഴുവന്‍ പ്രത്യയശാസ്ത്രമായി ചിത്രീകരിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അഹാന

MediaOne Logo

Web Desk

  • Updated:

    2026-10-25 12:53:04

Published:

25 Oct 2026 6:15 PM IST

ahana krishna reacts to diya krishna controversy
X

കേരളത്തിനെതിരെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറെ ദിയ കൃഷ്ണ പിന്തുണച്ചതില്‍ രൂക്ഷ വിമര്‍ശനം ഉയരവേ, വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സഹോദരിയും നടിയുമായ അഹാന കൃഷ്ണ. തങ്ങള്‍ ആറുപേരടങ്ങുന്ന കുടുംബത്തിലെ ഓരോരുത്തര്‍ക്കും സ്വന്തമായ ചിന്തകളും ആശയങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുണ്ടെന്ന് അഹാന പറയുന്നു. തന്റെ വാക്കുകളിലോ പ്രവൃത്തിയിലോ എന്തെങ്കിലും തെറ്റായി തോന്നുന്നുണ്ടെങ്കില്‍ തന്നോട് ചോദിക്കാം. തന്റെ പിതാവ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിക്കൂ. അമ്മയോ സഹോദരിമാരില്‍ ആരെങ്കിലുമോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോട് ചോദിക്കൂ. എല്ലാ കാര്യത്തിലും എല്ലാവരും മറുപടി നല്‍കണമെന്ന് നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്ന് നടി ചൂണ്ടിക്കാട്ടി.

ഒരു കുടുംബമാണെന്നതുകൊണ്ട് എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരിക്കണമെന്നില്ലെന്ന് അഹാന പറയുന്നു. ഒരാള്‍ പറയുന്ന വാക്കുകള്‍ക്കും ചെയ്യുന്ന പ്രവൃത്തികള്‍ക്കും മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാണെന്നും അര്‍ഥമില്ല. എന്നാല്‍ അത് ഞങ്ങള്‍ തമ്മിലുള്ള ഐക്യത്തെ ഇല്ലാതാക്കുന്നില്ല. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കുകയും ഒരാള്‍ക്കുവേണ്ടി മറ്റൊരാള്‍ നിലകൊള്ളുകയും ഒപ്പമുണ്ടാകുകയും ചെയ്യും. എന്നാല്‍, ഒരാളുടെ അഭിപ്രായം പെട്ടെന്ന് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രത്യയശാസ്ത്രമായി ചിത്രീകരിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

എന്റെ വിവാഹജീവിതം പോലും യാതൊരു ബന്ധവുമില്ലാത്ത ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ്. പുരോഗമനവാദികളും യുക്തിവാദികളുമെന്ന് അവകാശപ്പെട്ട് സംസാരിക്കുന്നവര്‍ ഇത്രത്തോളം വ്യക്തിപരവും അപ്രസക്തവുമായ കാര്യങ്ങള്‍ സംഭാഷണത്തിലേക്ക് കൊണ്ടുവരുന്നത് വിചിത്രമാണ്. വിമര്‍ശിക്കാം. എന്നാല്‍ ഒരാളുടെ ജീവിതത്തിലെ ബന്ധമില്ലാത്ത വശങ്ങള്‍ അതിലേക്ക് വലിച്ചിഴക്കുന്നത് മറ്റൊന്നാണ്. ഒരാളുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും അയാളെ ഉത്തരവാദിയാക്കുന്നതും, അതുമായി ബന്ധപ്പെട്ട എല്ലാവരെയും അതിന് മറുപടി പറയാന്‍ നിര്‍ബന്ധിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട് -അഹാന കൃഷ്ണ സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു.

അഹാന കൃഷ്ണയുടെ പോസ്റ്റ്

ഏറെക്കാലമായി പറയണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാര്യം പറയുകയാണ്. ഞാന്‍ പറഞ്ഞതോ ചെയ്തതോ എന്തെങ്കിലും തെറ്റായി തോന്നുന്നുണ്ടെങ്കില്‍ എന്നോട് ചോദിക്കാം. എന്റെ അച്ഛന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിക്കൂ. എന്റെ അമ്മയോ സഹോദരിമാരില്‍ ആരെങ്കിലുമോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോട് ചോദിക്കൂ.

ഞങ്ങള്‍ ആറുപേരടങ്ങുന്ന വളരെ അടുപ്പമുള്ള ഒരു കുടുംബമാണ്. എന്നാല്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും സ്വന്തമായ ചിന്തകളും ആശയങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുണ്ട്. ഒരു കുടുംബമാണെന്നതുകൊണ്ട് എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരിക്കണമെന്നില്ല. അതുപോലെ, ഒരാള്‍ പറയുന്ന വാക്കുകള്‍ക്കും ചെയ്യുന്ന പ്രവൃത്തികള്‍ക്കും മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാണെന്നും അര്‍ഥമില്ല. വ്യക്തിത്വം വ്യത്യസ്തമാണെന്നത് ഞങ്ങള്‍ തമ്മിലുള്ള ഐക്യത്തെ ഇല്ലാതാക്കുന്നില്ലെന്ന് വ്യക്തമാക്കട്ടെ. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കുകയും ഒരാള്‍ക്കുവേണ്ടി മറ്റൊരാള്‍ നിലകൊള്ളുകയും ഒപ്പമുണ്ടാകുകയും ചെയ്യും.

ഞങ്ങള്‍ എല്ലാവരും പൊതുജീവിതത്തില്‍ അറിയപ്പെടുന്ന വ്യക്തികളാണ്. അതുകൊണ്ടുതന്നെ ഞങ്ങളില്‍ ഒരാള്‍ പറയുന്നതോ ചെയ്യുന്നതോ എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യമാകണമെന്നില്ല. അത് സ്വാഭാവികമാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമാണ് വിമര്‍ശനങ്ങളും അഭിപ്രായവ്യത്യാസങ്ങളും. എന്നാല്‍ ഒരാളുമായി ബന്ധപ്പെട്ട ഒരു വിഷയം എന്തിനാണ് കുടുംബത്തെ മുഴുവന്‍ വലിച്ചിഴയ്ക്കാനുള്ള അവസരമായി മാറുന്നത്? ഒരാളുടെ അഭിപ്രായം പെട്ടെന്ന് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രത്യയശാസ്ത്രമായി ചിത്രീകരിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? കൂടുതല്‍ ശ്രദ്ധ നേടുന്നതിനാണോ ചര്‍ച്ചയിലേക്ക് കൂടുതല്‍ പരിചിതമായ പേരുകള്‍ വലിച്ചിഴയ്ക്കുന്നതെന്ന് ചിലപ്പോഴൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്.

എനിക്ക് ഏറ്റവും വിചിത്രമായി തോന്നുന്നത്, യാതൊരു ബന്ധവുമില്ലാത്ത ചര്‍ച്ചകളിലേക്ക് എന്റെ വിവാഹജീവിതം വലിച്ചിഴയ്ക്കപ്പെടുന്നതാണ്. പുരോഗമനവാദികളും യുക്തിവാദികളുമെന്ന് അവകാശപ്പെട്ട് സംസാരിക്കുന്നവര്‍ ഇത്രത്തോളം വ്യക്തിപരവും അപ്രസക്തവുമായ കാര്യങ്ങള്‍ സംഭാഷണത്തിലേക്ക് കൊണ്ടുവരുന്നത് എന്തിനാണ്. വിമര്‍ശിക്കാം. എന്നാല്‍ ഒരാളുടെ ജീവിതത്തിലെ ബന്ധമില്ലാത്ത വശങ്ങള്‍ അതിലേക്ക് വലിച്ചിഴക്കുന്നത് വിമര്‍ശനമല്ല.

ഈ ശീലം ഒറ്റരാത്രികൊണ്ട് മാറില്ലെന്ന് എനിക്കറിയാം, എങ്കിലും എനിക്കിത് പറയണമെന്ന് തോന്നി. ഒരാളുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും അയാളെ ഉത്തരവാദിയാക്കുന്നതും, അതുമായി ബന്ധപ്പെട്ട എല്ലാവരെയും അതിന് മറുപടി പറയാന്‍ നിര്‍ബന്ധിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഞങ്ങള്‍ ഒരു കുടുംബമായി ഒരുമിച്ച് നില്‍ക്കുന്നു, പക്ഷേ ഞങ്ങള്‍ ചിന്തിക്കുന്നതും സംസാരിക്കുന്നവുന്നതും പ്രവൃത്തിക്കുന്നതും വ്യക്തികളായിട്ടാണ്.

നിങ്ങള്‍ക്ക് ഞങ്ങളില്‍ ആരെ വേണമെങ്കിലും എതിര്‍ക്കാം. എന്നാല്‍, വിമര്‍ശനം വ്യക്തിയെക്കുറിച്ചോ അല്ലെങ്കില്‍ ചര്‍ച്ചയിലുള്ള വിഷയത്തെക്കുറിച്ചോ ആകട്ടെ. കുടുംബത്തിലെ എല്ലാവരെയും അതിലേക്ക് വലിച്ചിടേണ്ടതില്ല. എന്നെ സംബന്ധിച്ചിടത്തോളം, അത് തികച്ചും നീതിയുടെ ഒരു കാര്യമാണ്.

TAGS :

Next Story