അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിൽ എത്തിച്ചു
ശ്രീ വിവേകാനന്ദ ഹൈസ്കൂളിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് നാലരക്ക് വീട്ടുവളപ്പിലാണ് സംസ്കാരം

പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലെ പുല്ലാട് എത്തിച്ചു. ശ്രീ വിവേകാനന്ദ ഹൈസ്കൂളിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് നാലരക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. രഞ്ജിതയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ വൻ ജനാവലിയാണ് എത്തുന്നത്.
രാവിലെ 7 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച രഞ്ജിതയുടെ മൃതദേഹം മന്ത്രിമാരായ വി.ശിവൻകുട്ടിയും, ജി.ആർ അനിലും ചേർന്ന് ഏറ്റുവാങ്ങി. 9.30യോടെ ജന്മനാടായ പുല്ലാട് എത്തിച്ചു. മൃതദേഹം പൊതുദർശനത്തിനു വെച്ച ശ്രീ വിവേകാനന്ദ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്നു രഞ്ജിത. മകൻ ഇന്ദുചൂഡൻ ഈ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി.എൻ വാസവൻ പുതുദർശന സ്ഥലത്തെത്തി രഞ്ജിതയ്ക്ക് അന്തിമ ഉപചാരം അർപ്പിച്ചു.
ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി പുല്ലാട്ടെ രണ്ടു സ്കൂളുകൾക്ക് ജില്ലാ കളക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. രഞ്ജിതയുടെ പൊതുദർശനം നടക്കുന്ന സമയം ദുഃഖസൂചകമായി ജംഗ്ഷനിലെ കടകൾ വ്യാപരികൾ അടച്ചിട്ടു. അപകടം നടന്നു 12 ദിവസത്തിനു ശേഷമാണ് ഡിഎൻഎ പരിശോധന പൂർത്തിയാക്കി രഞ്ജിതയുടെ മൃതദേഹം നാട്ടിൽ എത്തിച്ചത്.
Adjust Story Font
16

