'കൊച്ചിയിലെ ഒരു ദിവസം മൂന്നര സിഗരറ്റിന് തുല്യം'; ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തി വായു മലിനീകരണ സൂചിക
വ്യാവസായിക മേഖലകളായ അമ്പലമുകൾ, ഏലൂർ ഭാഗങ്ങളിലാണ് മലിനീകരണം കൂടുതലുള്ളത്

കൊച്ചി: കൊച്ചിയിൽ വായു മലിനീകരണ സൂചിക അപകടകരമായി ഉയരുന്നു. വായു മലിനീകരണ സൂചിക 310 എത്തിയതോടെ ഗുരുതര ആരോഗ്യ ഭീഷണിയും ഉയരുകയാണ്. വായു ഗുണനിലവാര സൂചിക 180 പിന്നിട്ടത് ആശങ്ക വർധിപ്പിച്ചു. അർധരാത്രി 12 മണി മുതൽ പുലർച്ചെ ആറുമണി വരെയാണ് കൊച്ചിയിലെ വായു മലിനീകരണം ഏറ്റവും രൂക്ഷം.
വ്യാവസായിക മേഖലകളായ അമ്പലമുകൾ, ഏലൂർ ഭാഗങ്ങളിലാണ് മലിനീകരണം കൂടുതലുള്ളത്. കാറ്റിന്റെ ദിശയില്‍ ഫോർട്ട് കൊച്ചിയിലേക്കും മൂവാറ്റുപുഴ ഭാഗത്തേക്കും മലിന വായു വ്യാപിക്കുന്നുണ്ട്. ഒരു ദിവസം കൊച്ചിയിൽ കഴിയുന്ന ആള്‍ മൂന്നര സിഗരറ്റ് വലിക്കുന്നതിന് തുല്യമായ മലിന വായു ശ്വസിക്കുന്നുവെന്നാണ് കണക്ക്.
ആസ്മ, വിഷാദം ഉൾപ്പെടെയുള്ള ശാരീരികവും മാനസികവുമായ ഗുരുതര രോഗങ്ങള്‍ക്ക് ഇത് വഴിവെക്കും. ജില്ലയിലെ എയർ ക്വാളിറ്റി മോണിറ്ററുകൾ പ്രവർത്തനരഹിതമായിട്ട് കാലങ്ങളായി. ഏലൂരിലെ ഏക സ്റ്റേഷനാണ് പ്രവർത്തനക്ഷമമായുള്ളത്. കൂടുതൽ എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകൾ സജ്ജമാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
Adjust Story Font
16

