പുതു ഹൃദയത്തുടിപ്പുമായി അജിനും ആവണിയും വീട്ടിലേക്ക് മടങ്ങി
ഹൃദയം ദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഇരുവരും ആശുപത്രി വിട്ടത്

കൊച്ചി: രണ്ടാഴ്ചമുമ്പ് 36 മണിക്കൂറിന്‍റെ ഇടവേളയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ അജിനും ആവണിയും ആശുപത്രി വിട്ടു. വളരെപ്പെട്ടെന്ന് തന്നെ അവർ സുഖം പ്രാപിച്ചതായി ഡോക്ടർമാർ പറഞ്ഞു.ഏവർക്കും നന്ദിയെന്ന് അജിനും ആവണിയും പറഞ്ഞു.
ഈ മാസം 10നാണ് ലിസി ആശുപത്രിയിലേക്ക് കെ.സോട്ടോയിൽ നിന്നും സന്ദേശമെത്തുന്നത്. പ്രാഥമിക പരിശോധനയിൽ തന്നെ ഐസകിന്റെ ഹൃദയം അജിന് അനുയോജ്യമാണെന്ന് കണ്ടെത്തി. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ഐസക്കിന്റെ ആറ് അവയവങ്ങളും ദാനം ചെയ്തു. നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് നിന്നും ഹൃദയം എത്തിക്കുകയെന്ന വെല്ലുവിളിയും മറികടന്നാണ് ഹൃദയം കൊച്ചിയിലേക്ക് പറന്നിറങ്ങിയത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ വിജയകരമായി.
രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആവണിക്ക് ആശ്വാസമേകുന്ന സന്ദേശമെത്തുന്നത്. ഹൃദയം ലഭ്യമാണെന്ന വിവരമറിഞ്ഞതോടെവന്ദേ ഭാരത് ട്രെയിനിൽ ആവണിയും കുടുംബവും കൊച്ചിയിലെത്തി. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബിൽജിത്തിലൂടെയാണിന്ന് 13കാരിയായ ആവണിയുടെ ഹൃദയമിടിപ്പ്. എല്ലാവർക്കും നന്ദി പറഞ്ഞ് ഇരുവരും ആശുപത്രിവിട്ടു.
ഇരുവരുടേയും ആരോഗ്യനില ഡോ.ജോസ് ചാക്കോ പെരിയപുറം വിലയിരുത്തി. ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് രണ്ട് പേരെയും വീടുകളിലേക്ക് യാത്രയാക്കി.
Adjust Story Font
16

