ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് നടത്തിയ ആശങ്കപ്പെടുത്തുന്ന പരാമർശം രാജ്യം ചർച്ച ചെയ്യണം: എ.കെ ബാലൻ
ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഗവൺമെന്റിന്, അവർ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും സാധിക്കാതെ വരുന്നതിന്റെ പ്രധാന കാരണം സ്വതന്ത്ര ജുഡീഷ്യറിയാണ്. അതിന്റെ പച്ചയായ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്നും എ.കെ ബാലൻ പറഞ്ഞു.

കോഴിക്കോട്: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് നടത്തിയ ആശങ്കപ്പെടുത്തുന്ന പരാമർശം രാജ്യം ചർച്ച ചെയ്യേണ്ടതാണെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. കഴിഞ്ഞ ദിവസം മുംബൈയിൽ ബാർ കൗൺസിൽ ഓഫ് മഹാരാഷ്ട്ര, ബാർ കൗൺസിൽ ഓഫ് ഗോവ എന്നീ സംഘടനകൾ നൽകിയ സ്വീകരണത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.
ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്‌സിക്യൂട്ടീവ് എന്നിവ ഭരണഘടനാ സംരക്ഷണത്തിന് പരസ്പര ബഹുമാനം നിലനിർത്തി യോജിച്ച് പ്രവർത്തിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. മഹാരാഷ്ട്രയിലെ ഒരു വ്യക്തി ഇന്ത്യാ രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് ആയി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി മഹാരാഷ്ട്രയിൽ പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും എസ്പിയുടെ പദവിയിലുള്ള മുംബൈ സിറ്റി പൊലീസ് കമീഷണർ പോലും സന്നിഹിതരാകാതിരുന്നത് പ്രോട്ടോക്കോളിന്റെ ലംഘനമാണ്. ഭരണഘടനയുടെ ഒരു സ്ഥാപനം മറ്റൊരു സ്ഥാപനത്തോട് കാട്ടേണ്ട സാമാന്യ ബഹുമാനം ഇവർ കാണിച്ചില്ല. ഇതാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം. നിലവിലുള്ള പദവിയുടെ സ്ഥാനം വെച്ചുകൊണ്ട് ഇതിനേക്കാൾ അദ്ദേഹം പറഞ്ഞിട്ടില്ല. പറഞ്ഞതിനേക്കാൾ ഗൗരവമായ വിഷയം അതിൽ അന്തർലീനമാണെന്നും ബാലൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇന്ത്യാ രാജ്യത്ത് പട്ടികജാതിയിൽ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ ആളാണ് ജസ്റ്റിസ് ബി.ആർ ഗവായ്. അദ്ദേഹത്തെ അപമാനിക്കുന്നത് വ്യക്തിപരമായ അവഹേളനം മാത്രമല്ല, ജുഡിഷ്യറിക്കെതിരായ വെല്ലുവിളി കൂടിയാണ്. ഇതിന്റെ മറ്റൊരു സൂചനയാണ് സുപ്രിംകോടതിയുടെ ഒരു ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ടുണ്ടായത്. രാഷ്ട്രപതി, ഗവർണർമാർ എന്നിവർ ബില്ലിന് അംഗീകാരം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സമയപരിധി നിശ്ചയിച്ച സുപ്രധാനമായ വിധിയായിരുന്നു അത്. ആ വിധിയുടെ ഉള്ളടക്കത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം 14 ആശങ്കകളാണ് രാഷ്ട്രപതി ഉയർത്തിയത്. ഇതും ഒരു ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 143 പ്രകാരം സുപ്രിംകോടതിയുടെ അഡൈ്വസറി ജൂറിസ്ഡിക്ഷൻ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് രാഷ്ട്രപതി കത്തയച്ചത്. ഇതൊക്കെ തമിഴ്‌നാട് vs ഗവർണർ ഓഫ് തമിഴ്നാട് എന്ന കേസിന്റ ഉള്ളടക്കത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇടക്കാലത്ത് ജുഡിഷ്യറിക്കെതിരെ ഉപരാഷ്ട്രപതി നടത്തിയ പരാമർശവും വളരെയേറെ ആശങ്കപ്പെടുത്തുന്നതാണ്. മുമ്പും ഇതേ രൂപത്തിലുള്ള വെല്ലുവിളി ഉണ്ടായിട്ടുണ്ട്. ആറ് സുപ്രിംകോടതി ജഡ്ജിമാർ തെരുവിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ടിവന്നത് മോദിയുടെ ഭരണകാലത്തു തന്നെയാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് നിയോ ഫാസിസ്റ്റ് ഭരണക്രമത്തിലേക്കുള്ള ഭരണകൂടത്തിന്റെ നീക്കമാണ്.
1973 ലെ കേശവാനന്ദഭാരതി കേസാണ് ഭരണഘടനയെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത്. ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന്റെയും ഭരണഘടനയുടെയും മൗലിക ഘടനയെ അട്ടിമറിക്കാൻ കഴിയാത്തത് ഈ വിധി കൊണ്ടാണ്. ആ വിധിയെ അട്ടിമറിക്കാനും വളഞ്ഞ വഴിയിലൂടെ ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതാണ് ജുഡിഷ്യറിക്കെതിരായി ഇപ്പോൾ നടക്കുന്ന വെല്ലുവിളികളായി രൂപപ്പെടുന്നത്. ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഗവൺമെന്റിന്, അവർ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും സാധിക്കാതെ വരുന്നതിന്റെ ഒരു പ്രധാന കാരണം ഇന്ത്യൻ ജുഡീഷ്യറിയുടെ ഓട്ടോണമിയും അതുവഴി ജുഡീഷ്യറിക്കുള്ള സ്വാതന്ത്ര്യവുമാണ്. അതിന്റെ പച്ചയായ ലംഘനമാണ് ഇപ്പോൾ നടക്കുന്നത്. ഇത് ഗൗരവപൂവം സമൂഹം ചർച്ച ചെയ്യണം.
Adjust Story Font
16

