Quantcast

'നിയമം മാറണം, അതുവരെ കാത്തുനിൽക്കാനാകില്ല, പരിധിയിൽ നിന്ന് പ്രവർത്തിക്കും'; വന്യജീവി ശല്യത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ

വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്രമാണെന്നും തെറ്റിദ്ധരിച്ചാണ് മലയോര കർഷകർ സമരം ചെയ്യുന്നതെന്നും മന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-01-22 05:35:54.0

Published:

22 Jan 2023 5:21 AM GMT

ak saseendran
X

ak saseendran 

ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന വന്യജീവികളെ പ്രതിരോധിക്കാൻ വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും എന്നാൽ അത് മാറും വരെ കാത്തുനിൽക്കാനാകില്ലെന്നും വനമന്ത്രി എ.കെ ശശീന്ദ്രൻ. പാലക്കാട് ധോണിയിൽ പി.ടി 7 ആനയെ മയക്കുവെടി വെച്ച് പിടികൂടിയ സാഹചര്യത്തിൽ മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. നിലവിലുള്ള നിയമത്തിന്റെ പരിധിയിൽ നിന്ന് വന്യമൃഗശല്യത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്രമാണെന്നും തെറ്റിദ്ധരിച്ചാണ് മലയോര കർഷകർ സമരം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധവ് ഗാഡ്ഗിലടക്കമുള്ളവർക്കും ഇക്കാര്യം അറിയാമെന്നും പറഞ്ഞു. പി ടി 7നെ മയക്കുവെടിവെച്ചത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും ഇതിന്റെ ആദ്യഘട്ടം വിജയകരമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ദൗത്യസംഘത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വനംവകുപ്പിനെ വിശ്വസിക്കില്ലെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും പോരായ്മകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാവുന്നതാണെന്നും ശശീന്ദ്രൻ വ്യക്തമാക്കി. വയനാട്ടിൽ കടുവയെ പിടിച്ചതും പാലക്കാട് ആനയെ തളച്ചതും വിദഗ്ധരല്ലെന്നും വിദഗ്ധർക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്യമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. വനം വകുപ്പിന് നിയമം നോക്കി പ്രവർത്തിക്കാൻ മാത്രമേ കഴിയൂവെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോൾ വിജയിച്ചത് വനംവകുപ്പ് തീരുമാനങ്ങൾ അല്ലെയെന്ന് ചോദിച്ചു.

മയക്കുവെടിയേറ്റാൽ ആന മയങ്ങി വീഴുമോ? എന്ത് സംഭവിക്കും?

പാലക്കാട്: ധോണി മേഖലയിൽ ഭീതി വിതച്ച പി.ടി 7 (പാലക്കാട് ടസ്‌കർ ഏഴാമൻ) ആനയെ മയക്കുവെടി വെച്ചതോടെ ഇതിന് ശേഷം എന്താണ് സംഭവിക്കുകയെന്നത് നമ്മുടെ മനസ്സിലൊക്കെ തോന്നുന്ന സംശയമായിരിക്കും. മയക്കുവെടിയേറ്റ ആന കിടക്കുമോ അതേ ഇരിക്കുമോയെന്നും ചോദ്യമുണ്ടാകും. എന്നാൽ മയക്കുവെടിയേറ്റ ആന കിടക്കുന്നതും ഇരിക്കുന്നതും അപകടരമാണ്. അവ നിൽക്കുന്നതാണ് പതിവുരീതി.

ആനയുടെ വലുപ്പം, പ്രായം എന്നിവ അനുസരിച്ച് കൃത്യമായ ഡോസിലാണ് സിറിഞ്ചിൽ മയക്കുമരുന്ന് നൽകുക. അവ അധികമായാൽ ആന ചെരിഞ്ഞ് കിടക്കുകയോ ഇരിക്കുകയോ ചെയ്യും. അത് ആനയുടെ ജീവന് ഭീഷണിയാണ്. മയക്കുവെടിയേറ്റ ആന അരമണിക്കൂർ മുതൽ 45 മിനുട്ടിനുള്ളിൽ മയക്കത്തിൽ പ്രവേശിക്കും. ആ മയക്കം മണിക്കൂറുകൾ നീണ്ടുനിൽക്കും. പാലക്കാട് നിന്ന് വയനാട്ടിലെത്തിക്കാൻ ഇത്മതിയാകുമെന്നാണ് ഡോ. അരുൺ സഖറിയ പറയുന്നത്. ഇനി അഥവാ മയക്കം വിട്ടാൽ ബൂസ്റ്റർ ഡോസ് നൽകും. പിന്നീട് മയക്കം വിടാൻ മറ്റൊരു ഇഞ്ചക്ഷൻ നൽകും.

പിടിയിലായ പി.ടി 7 മയങ്ങിനിൽക്കുകയായിരുന്നു. ആനയുടെ മുഖത്ത് കറുത്ത തുണി വലിച്ചുകെട്ടിയിട്ടുണ്ട്. മയക്കുമരുന്ന് വലിയ ശക്തിയേറിയതിനാൽ ആനയുടെ ശരീരം ചൂടാകുന്നതിനാൽ വെള്ളം തളിച്ചുകൊടുത്തുകൊണ്ടിരിക്കുന്നുണ്ട്. കൂട്ടിലേക്ക് മാറ്റിയാലും ഇത് തുടരും. നിലവിൽ പി.ടി 7 മുഖത്ത് വെച്ച തുണി തലയ്ക്ക് മുകളിലാണുള്ളത്. അതിനാൽ ആനയ്ക്ക് കുങ്കിയാനകളെയും വനപാലകരെയുമൊക്കൊ കാണാനാകും. പക്ഷേ ഒന്നും ചെയ്യാനാകില്ല. അത്രയേറെ ശക്തിയേറിയതാണ് വെടിേെച്ചാൽപ്പിച്ച മയക്കുമരുന്ന്. ആനയുടെ കാലുകൾ വലിയ വടം കൊണ്ട് കെട്ടി മരത്തിൽ ബന്ധിപ്പിച്ചിരിക്കുകയാണ്. ധോണിയെ വിറപ്പിച്ച പി.ടി സെവനെ 7.10 ഓടെയാണ് മയക്കുവെടി വെച്ചത്. മൂന്നര വർഷത്തോളമായ പ്രദേശത്ത് ഇറങ്ങുന്ന ആനയാണ്. കഴിഞ്ഞ കുറച്ചു മാസമായി ശല്യം രൂക്ഷമായിരുന്നു.

ആനയെ കൂട്ടിലാക്കി കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കൊണ്ടുപോയ ശേഷം ആനയെ മെരുക്കാനുള്ള ശ്രമം നടക്കും. ഇത് ഏറെ ശ്രമകരമാണെന്നാണ് ഡോ. പി.എസ്. ഈസ പറയുന്നത്.

ആനയെ കൊണ്ടുപോകാനുള്ള സംഘം ഉൾക്കാട്ടിലെത്തിയിട്ടുണ്ട്. സംഘത്തോടൊപ്പം കുങ്കിയാനകളും വനത്തിലുണ്ട്. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിയായ അപ്പക്കാട് ഭാഗത്ത് വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. ദൗത്യ സംഘത്തിലുള്ളത് വനം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള 72 പേരാണ്. ഇന്നലെ മയക്കുവെടി വെക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. വർഷങ്ങളായി ധോണിയിലെ ജനങ്ങളുടെ ഉറക്കംകെടുത്തിയ ആനയാണ് ഇപ്പോൾ മയക്കുവെടി വെച്ചിരിക്കുന്നത്.

ധോണിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി പി.ടി.സെവൻ ഭീതി വിതച്ചു കൊണ്ടിരിക്കുകയാണ്. പ്രദേശ വാസികളുടെ വീടുകളുടെ മതിൽ പൊളിക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. വന്യമൃഗങ്ങളെ ജനവാസകേന്ദ്രങ്ങളിൽ നിന്ന് അകറ്റാനുള്ള ശാശ്വത പരിഹാരമാണ് വേണ്ടതെന്നും അവർ പറഞ്ഞു.

Forest Minister AK Saseendran wants to amend the Wildlife Protection Act to prevent attacks by wild animals.

TAGS :

Next Story