Quantcast

സംവിധായകന്‍ അഖില്‍ മാരാര്‍ ട്വന്റി20യില്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സാബു എം.ജേക്കബ്

തന്നെപ്പോലെ ചിന്തിക്കുന്നൊരാൾക്ക് ചേരാൻ ട്വന്‍റി20 അല്ലാതെ കേരളത്തിൽ മറ്റൊരു രാഷ്ട്രീയ ആശയമില്ലെന്നും നാടിന്‍റെ വികസനം മുന്നിൽ കണ്ടുകൊണ്ടാണ് തീരുമാനമെന്നും അഖിൽ മാരാർ പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    19 Feb 2026 4:50 PM IST

സംവിധായകന്‍ അഖില്‍ മാരാര്‍ ട്വന്റി20യില്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സാബു എം.ജേക്കബ്
X

എറണാകുളം: സംവിധായകന്‍ അഖില്‍ മാരാര്‍ ട്വന്റി20യില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖില്‍ മാരാരിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ സാബു എം.ജേക്കബ് പറഞ്ഞു. താന്‍ സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നും ബിജെപിയുമായി ട്വന്റി20 ചേരുന്നത് നാടിന്റെ വികസനം മുന്നില്‍ കണ്ടാണെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

അഖില്‍ മാരാറിനെ പോലൊരാള്‍ പാര്‍ട്ടിയിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ട്വന്റി20യുടെ സ്ഥാനാര്‍ഥിയായിരിക്കുമെന്നും സാബു എം.ജേക്കബ് പറഞ്ഞു.

'ട്വന്റി20 എന്‍ഡിഎ മുന്നണിയുമായി ചേര്‍ന്നപ്പോള്‍ ഒരുപാട് പേര്‍ വിമര്‍ശിക്കുകയുണ്ടായി. ട്വന്റി20 പിളര്‍ന്നുവെന്നും ഒരുപാട് പേര്‍ പാര്‍ട്ടി വിട്ടുപോയെന്നുമുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുണ്ടായി. എന്നാല്‍, ട്വന്റി20യിലേക്ക് ഒരുപാട് പ്രഗത്ഭര്‍ കടന്നുവരുകയാണ് യഥാര്‍ത്ഥത്തിലുണ്ടായത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ട്വന്റി20യിലേക്ക് ലയിക്കുന്ന സാഹചര്യം വരേയുണ്ട്. അതിന്റെ ഭാഗമായാണ് അഖില്‍ മാരാര്‍ ഇന്ന് പാര്‍ട്ടിയിലേക്ക് വരുന്നത്. കൂടാതെ, അഖില്‍ മാരാര്‍ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥിയായിരിക്കും. എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ എന്‍ഡിഎ മുന്നണിയുമായി ചര്‍ച്ച ചെയ്ത് പ്രഖ്യാപിക്കും'. സാബു പറഞ്ഞു.

തന്നെപ്പോലെ ചിന്തിക്കുന്നൊരാള്‍ക്ക് ചേരാന്‍ ട്വന്റി20 അല്ലാതെ കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ ആശയമില്ലെന്നും മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും വി.ഡി സതീശനും തന്നോട് നേരത്തെ പറഞ്ഞിരുന്നുവെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു.

'വ്യക്തിപരമായി അല്‍പ്പം സ്വതന്ത്ര ചിന്താഗതി പിന്തുടരുന്നയാളാണ് ഞാന്‍. എന്റെ ചില ചിന്തകളും അഭിപ്രായങ്ങളും ചില സാഹചര്യങ്ങളില്‍ ബിജെപിക്കോ യുഡിഎഫിനോ സിപിഎമ്മിനോ അനുകൂലമായിരിക്കും. അടിസ്ഥാനപരമായിട്ട് ഞാനൊരു സ്വതന്ത്ര ചിന്താഗതിക്കാരനാണ്. രാഷ്ട്രീയപാര്‍ട്ടിക്കാരനാല്‍ തകര്‍ന്ന ഒരു വ്യാപാരി തന്റെ പോരാട്ടം മൂന്ന് രാഷ്ട്രീയപ്പാര്‍ട്ടിക്ക് നേരെ നയിക്കുന്ന സിനിമയാണ് അവസാനം ചെയ്തത്. ട്വന്റി20 ഇപ്പോള്‍ എറണാകുളം ജില്ലക്കപ്പുറത്തേക്ക് വ്യാപിച്ചിരിക്കുകയാണ്. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനേക്കാളുപരി ബിജെപിയുമായി ചേരുന്നത് നാടിന്റെ വികസനം മുന്നില്‍ കണ്ടുകൊണ്ടാണെന്നും പുതിയ കാലത്തെ രാഷ്ട്രീയം പറയുന്ന പാര്‍ട്ടിയാണ് ട്വന്റി20യെന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story