Quantcast

വി.എസ് എന്ന രാഷ്ട്രീയ ആചാര്യനെ വാർത്തെടുത്ത ആലപ്പുഴ

കുട്ടനാടിൻ്റ മണ്ണിൽ ഉഴുതുമറിച്ച ആവേശവും പുന്നപ്ര വയലാർ സമരരംഗത്തെ ചൂടുമാണ് ഈ രാഷ്ട്രീയക്കാരൻ ശോഭിച്ചതിന് പിന്നിൽ

MediaOne Logo

Web Desk

  • Published:

    22 July 2025 7:54 AM IST

വി.എസ് എന്ന രാഷ്ട്രീയ ആചാര്യനെ വാർത്തെടുത്ത ആലപ്പുഴ
X

ആലപ്പുഴ: വി.എസ് അച്യുതാനന്ദനെന്ന രാഷ്ട്രീയ ആചാര്യനെ വാർത്തെടുത്ത ഭുമിയാണ് ആലപ്പുഴ. കുട്ടനാടിൻ്റ മണ്ണിൽ ഉഴുതുമറിച്ച ആവേശവും പുന്നപ്ര വയലാർ സമരരംഗത്തെ ചൂടുമാണ് ഈ രാഷ്ട്രീയക്കാരൻ ശോഭിച്ചതിന് പിന്നിൽ. ശരീരഭാഷ, സംഘാടക ശേഷി, ഉൾപാർട്ടി സമരങ്ങളിലെ പോരാട്ടവീര്യം പാർലമെൻ്ററി ഇടപെടലുകളിലെ കരുത്ത് എല്ലാം രൂപപ്പെടുത്തിയത് ഈ മണ്ണാണ്.

1923 ഒക്ടോബർ 20ന് പിറന്ന അച്യുതാനന്ദന് മൂന്നാം വയസിൽ അമ്മയെ നഷ്ടപ്പെട്ടു. വസൂരിബാധിച്ച് മരിക്കാനായ അമ്മയെ ദൂരെനിന്ന് നോക്കിനിൽക്കേണ്ട ഓർമ എന്നും വി.എസിനെ വേട്ടയാടിയിരുന്നു. പതിനൊന്നാം വയസിൽ അച്ഛനും നഷ്ടപെട്ടു. അതോടെ എഴാം ക്ലാസിൽ പഠനം നിർത്തി. ജ്യേഷ്ഠൻ നടത്തിയ തയ്യൽക്കടയിൽ ജോലി പഠിക്കാൻ കയറി.

ആ ജോലിയിൽ ശോഭിക്കുന്നില്ല എന്നായപ്പോൾ ജ്യേഷ്ഠൻ ആലപ്പുഴയിലെ ആസ്പിൻവാൾ കയർ കമ്പനിയിൽ തൊഴിൽ സംഘടിപ്പിച്ചു കൊടുത്തു. വയസ് പതിനേഴിലേക്ക് കടക്കുമ്പഴേക്ക് കയർ തൊഴിലാളികളുടെ അവകാശങ്ങൾ ചോദിച്ചു തുടങ്ങി. അവരുടെ നേതാവായി. ഈ കാലത്താണ് പി. കൃഷ്ണപിള്ള ആലപ്പുഴയിലെത്തിയത്. അദ്ദേഹം അച്യുതാനന്ദനിലെ സംഘടകനെ തിരിച്ചറിഞ്ഞു. കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനായി കുട്ടനാട്ടിലേക്കയച്ചു.

കയർമേഖല വിട്ട് കുട്ടനാട്ടിൽ എത്തി. ജൻമികളുടെ ഗുണ്ടായിസത്തെ അതിജീവിച്ച് കർഷകത്തൊഴിലാളികളികളെ അവകാശബോധമുള്ളവരാക്കി മാറ്റി. പതിനെട്ടാം വയസിൽ പാർട്ടി അംഗമായ വി.എസ് അങ്ങനെ ഒരു രാഷ്ട്രീയക്കാരനായി രൂപപ്പെട്ട് തുടങ്ങി. നീട്ടിയും കുറുക്കിയും എതിരാളികൾക്ക് മേൽ പരിഹാസം ചൊരിയുന്ന പ്രസംഗശൈലി അക്കാലത്ത് രൂപപ്പെട്ടതാണ്. കർഷകത്തൊഴിലാളികളെ പിടിച്ചിരുത്താൻ ഉണ്ടാക്കിയെടുത്തതാണ് ആ ശൈലിയെന്ന് വി.എസ് പിന്നീട് പറഞ്ഞിട്ടുണ്ട്.

1946ൽ അലയടിച്ച ഐതിഹാസികമായ പുന്നപ്ര-വയലാർ പോരാട്ടത്തിൽ ചെറുതൊന്നുമല്ല വി.എസിൻ്റെ പങ്ക്. ആ പോരാട്ടത്തിലൂടെ രാഷ്ട്രീയ കരുത്തായി വി.എസ് മാറി. നീണ്ട ജയിൽവാസം കഴിഞ്ഞ് ആലപ്പുഴയുടെ മണ്ണിൽ ചെങ്കൊടിപിടിച്ച് ആ രാഷ്ട്രീയക്കാരൻ ജനകീയ പ്രസ്ഥാനത്തെ മുന്നിൽ നിന്നുനയിച്ചു.

1954ൽ പാർട്ടിയുടെ തിരുകൊച്ചി സംസ്ഥാന കമ്മിറ്റിയിലെത്തിയ വി.എസ് അമ്പലപ്പുഴ, ചേർത്തല താലൂക്കുകൾ ചേർന്ന ആലപ്പുഴ ജില്ലയുടെ സെക്രട്ടറിയുമായി. 1956ൽ കൊല്ലം കോട്ടയം ജില്ലയുടെ ഭാഗങ്ങൾ കൂടി ചേർന്ന ആലപ്പുഴ ജില്ലയുടെ സെക്രട്ടറിയായി. അങ്ങനെ ആലപ്പുഴയുടെ മണ്ണിനെ ചുവപ്പിച്ചു കൊണ്ടിരുന്നു.

പാർലമെൻ്ററി രംഗത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചപ്പോഴും തെരഞ്ഞെടുത്തത് അമ്പലപ്പുഴ മണ്ഡലം. 1965ൽ തോറ്റെങ്കിലും 67ലും 70ൽ അവിടെ ജയിച്ചു. 1991ൽ മാരാരിക്കുളത്തേക്ക് മാറി ജയം ആവർത്തിച്ചു 96ലെ മാരാരിക്കുളത്തെ പരാജയം പാർട്ടിയിലെ മറ്റൊരു പോർമുഖം തുറക്കുന്നതിലേക്ക് കാരണമായി.

TAGS :

Next Story