കോടതി പരിസരത്തെ മദ്യപാനം; കൊടി സുനിക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപി
ചേർത്തലയിലെ തിരോധാന കേസുകളിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ഡിജിപി വ്യക്തമാക്കി

കണ്ണൂർ: കോടതി പരിസരത്തെ മദ്യപാനത്തിൽ കൊടി സുനിക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. വീഴ്ചകൾ ഉണ്ടോയെന്നു പരിശോധിച്ച് കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. ചേർത്തലയിലെ തിരോധാന കേസുകളിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ഡിജിപി വ്യക്തമാക്കി.
മറ്റുജില്ലകളിലെ തിരോധാന കേസുകളും അന്വേഷണ പരിധിയിലാണെന്നും ഡിജിപി കണ്ണൂരിൽ പറഞ്ഞു. കൊടി സുനിയുടെ മദ്യപാനത്തിൽ കേസെടുക്കുന്നതിനായി പൊലീസ് നിയമോപദേശം തേടിയിരുന്നു. പ്രതികൾക്ക് എസ്‌കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനമായിരുന്നു.
കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മാഹി ഇരട്ട കൊലപാതക കേസിൽ തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴായിരുന്നു കൊടി സുനിയുടെ മദ്യപാനം. കോടതിക്ക് തൊട്ടു മുന്നിലെ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരുടെ സാന്നിധ്യത്തിൽ ആയിരുന്നു മദ്യപാനം.
കോടതിയിലേക്കുള്ള യാത്രയിൽ ടി.പി കേസ് പ്രതികൾ മദ്യപിക്കുന്നത് പതിവ് സംഭവമാണെന്ന് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്. മദ്യസേവക്ക് കൂട്ടുനിന്നുവെന്ന് ആരോപിച്ച് കണ്ണൂർ എആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമായിരുന്നു നടപടി. സാധാരണ കോടതിയിൽ കൊണ്ടുപോകുമ്പോൾ കൈവിലങ്ങ് വെക്കാറില്ലെങ്കിലും കൊടി സുനിക്കും സംഘത്തിനും കൈവിലങ്ങും നിർബന്ധമാക്കിയിരുന്നു.
watch video:
Adjust Story Font
16

