പാലാ നഗരസഭയിലെ പ്രശ്നം പരിഹരിച്ചെങ്കിലും എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം
അടുത്ത എൽ.ഡി.എഫ് യോഗത്തിൽ കേരള കോൺഗ്രസ് എമ്മിനെതിരെ സി.പി.ഐ അടക്കം രൂക്ഷവിമർശനം ഉന്നയിച്ചേക്കും
പാലാ നഗരസഭ കാര്യാലയം
കോട്ടയം: പാലാ നഗരസഭയിലെ പ്രശ്നം പരിഹരിച്ചെങ്കിലും എൽ.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു. കേരള കോൺഗ്രസ് എമ്മിന്‍റെ നിലപാടുകളിൽ ഘടക കക്ഷികൾക്ക് കടുത്ത വിയോജിപ്പാണ് ഉള്ളത്. അടുത്ത എൽ.ഡി.എഫ് യോഗത്തിൽ കേരള കോൺഗ്രസ് എമ്മിനെതിരെ സി.പി.ഐ അടക്കം രൂക്ഷവിമർശനം ഉന്നയിച്ചേക്കും.
പാലായിലെ അധികാര കൈമാറ്റം പ്രാദേശിക വിഷയമാണെന്നാണ് ജോസ് കെ. മാണി മാധ്യമങ്ങളോട് പറയുന്നത്. എന്നാൽ കരുക്കൾ നീക്കിയത് മുഴുവൻ ജോസ് കെ മാണിയുടെ അറിവോടെയാണെന്നാണ് സൂചന. സി.പി.എം നേതൃത്വത്തെ സമ്മർദത്തിലാക്കി നടത്തിയ നീക്കത്തെ അതുകൊണ്ട് തന്നെ ഇടതുമുന്നണിയിലെ മറ്റ് കക്ഷികൾ എതിർക്കുന്നുണ്ട്. ജോസിന്‍റെയും കൂട്ടരുടേയും ഈ നിലപാടിനെതിരെ നേരത്തെ സി.പി.ഐ പരസ്യമായി രംഗത്തു വന്നിരുന്നു. ആ പ്രതിഷേധം എൽ.ഡി.എഫിൽ ശക്തമായി ഉന്നയിക്കാനാണ് സി.പി.ഐ തീരുമാനിച്ചിരിക്കുന്നത്. മറ്റ് ഘടക കക്ഷികളും സമാനമായ രീതിയിൽ നിലപാടുകൾ സ്വീകരിച്ചേക്കും.
അതേസമയം കോട്ടയത്ത് ഇനി നടക്കാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിലടക്കം കേരള കോൺഗ്രസിന് വലിയ വെല്ലുവിളിയുണ്ടാകുമെന്നാണ് സൂചന. പാലായിൽ സി.പി.എമ്മിന്‍റെ ചരിത്രം മാറ്റി കുറിക്കേണ്ട അവസരം നഷ്ടമാക്കിയതിന്‍റെ പ്രതിഷേധം അണികളിൽ ഉണ്ടായാൽ കേരള കോൺഗ്രസിന് അത് ക്ഷീണമുണ്ടാക്കും. അതുകൊണ്ട് തന്നെ അനുനയ നീക്കങ്ങൾ സജീവമായി തന്നെ നടക്കുന്നുണ്ട്.
Adjust Story Font
16