പിതൃപുണ്യം തേടി വിശ്വാസികൾ; ബലിതർപ്പണത്തിനൊരുങ്ങി ആലുവ മണപ്പുറം
1200 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി വിന്യസിച്ചിട്ടുള്ളത്.

കൊച്ചി: ശിവരാത്രി ബലിതർപ്പണത്തിനൊരുങ്ങി ആലുവ മണപ്പുറം. ഇന്ന് അർധരാത്രിയോടെ ബലിതർപ്പണം ആരംഭിക്കും. പിതൃപുണ്യം തേടി നൂറ്കണക്കിന് വിശ്വാസികളാണ് രാവിലെ മുതൽ ശിവക്ഷേത്രത്തിലെത്തുന്നത്. ഞായറാഴ്ചവരെ ബലിതർപ്പണം തുടരും.
ബലിതർപ്പണത്തിനായി 116 ബലിത്തറകളാണ് ആലുവ മണപ്പുറത്ത് ഒരുക്കിയിട്ടുള്ളത്. ഇത്തവണയും ദേവസ്വം ബോർഡ് നേരിട്ട് ബലിത്തറ ഒരുക്കിയിട്ടില്ല. ബലിതർപ്പണത്തിന് 75 രൂപയാണ് നിരക്ക്. ക്ഷേത്രത്തിൽ അർധരാത്രിയിലെ ശിവരാത്രി വിളക്കിന് ശേഷം ബലിതർപ്പണം ആരംഭിക്കും. തന്ത്രി മുല്ലപ്പിളള്ളി ശങ്കരൻ നന്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക.
മണപ്പുറത്തേക്ക് വിശ്വാസികളെ എത്തിക്കുന്നതിനായി 250 കെ.എസ്.ആർ.ടി.സി ബസുകൾ അർധരാത്രി സർവീസ് നടത്തും. കൊച്ചി മെട്രോയും അധികസമയം ഓടും. റെയിൽവേ ആലുവയിലേക്ക് പ്രത്യേകം ട്രെയിൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 1200 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി വിന്യസിച്ചിട്ടുള്ളത്. ഞായറാഴ്ചവരെ മണപ്പുറത്ത് ബലിതർപ്പണത്തിന് സൗകര്യമുണ്ടാകും. കനത്ത ചൂട് കണക്കിലെടുത്ത് ഭക്തർക്കായി വെള്ളവും ലഘുഭക്ഷണവും ദേവസ്വം ബോർഡ് ഒരുക്കും.
Adjust Story Font
16

