Quantcast

അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ്; ജോയിന്റ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി

കോൺഗ്രസ് ഭരിക്കുന്ന അങ്കമാലി അർബൻ സഹകരണ സംഘം വായ്പാ തട്ടിപ്പിന്റെ വ്യാപ്തി മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്

MediaOne Logo

Web Desk

  • Published:

    18 Jan 2024 4:09 AM GMT

Angamaly urban cooperative society fraud
X

കൊച്ചി: അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിലെ മീഡിയവൺ വാർത്തയിൽ സർക്കാർ ഇടപെടൽ. സഹകരണ ജോയിന്റ് രജിസ്ട്രാറോട് റിപ്പോർട്ട് തേടിയതായി മന്ത്രി വി.എൻ വാസവൻ അറിയിച്ചു. ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിക്ഷേപകരെ സംരക്ഷിക്കുമെന്നും മന്ത്രി മീഡിവണിനോട് പറഞ്ഞു.

കോൺഗ്രസ് ഭരിക്കുന്ന അങ്കമാലി അർബൻ സഹകരണ സംഘം വായ്പാ തട്ടിപ്പിന്റെ വ്യാപ്തി മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്. നേരത്തേ ജോയിന്റ് രജിസ്ട്രാർ പൊലീസിന് നൽകിയ പരാതിയിൽ 55 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണവും തുടരുകയാണ്.

എന്നാൽ യഥാർഥത്തിൽ, വ്യാജവായ്പയിലൂടെ 100 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നിരിക്കുന്നത്. ബാങ്ക് ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും പുറമെ കൂടുതൽ വ്യവസായികൾക്കും രാഷ്ട്രീയനേതാക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും മീഡിയവൺ വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ സഹകരണവകുപ്പിന്റെ തീരുമാനം.

ജോയിന്റ് രജിസ്ട്രാർ നടത്തുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും വിശദമായ അന്വേഷണത്തിലേക്ക് കടക്കുക. കൂടാതെ പൊലീസ് അന്വേഷണം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനും സഹകരണവകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. സഹകരണ നിയമം 65 വകുപ്പ് പ്രകാരം അന്വേഷണം നടത്തുമെന്നാണ് മന്ത്രി അറിയിക്കുന്നത്.

TAGS :

Next Story