നാല് വയസുകാരിക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജിൽ ഗുരുതര ചികിത്സാ പിഴവ്
ശസ്ത്രക്രിയ നടത്തിയില്ലേ എന്ന ചോദ്യത്തിന് വായിൽ നടത്തിയല്ലോ എന്നായിരുന്നു മറുപടി.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ. നാല് വയസുകാരിക്കാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്. കൈയിലെ ആറാം വിരൽ നീക്കാനാണ് കുട്ടി മെഡിക്കൽ കോളജിലെത്തിയത്. എന്നാൽ വിരലിന് പകരം കുട്ടിയുടെ നാവിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക്സ് സർജറി വിഭാഗത്തിൽ നടന്ന ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്.
ഗുരുതര വീഴ്ചയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെയാണ് കുട്ടിക്ക് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. ഇതിനായി ഓപറേഷൻ തിയേറ്ററിൽ കയറ്റിയ കുഞ്ഞിനെ പുറത്തേക്കിറങ്ങിയപ്പോൾ കൈയിൽ ശസ്ത്രക്രിയയയുടെ അടയാളമൊന്നും ഉണ്ടായിരുന്നില്ല. വായിൽ ശസ്ത്രക്രിയ നടത്തിയ രീതിയിലാണ് നാവിനടിയിൽ പഞ്ഞിവച്ച നിലയിൽ കുഞ്ഞ് പുറത്തേക്ക് വന്നത്.
ശസ്ത്രക്രിയ നടത്തിയില്ലേ എന്ന ചോദ്യത്തിന് വായിൽ നടത്തിയല്ലോ എന്നായിരുന്നു മറുപടി. എന്നാൽ വായിലല്ല, കൈയിലല്ലേ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത് എന്ന് വീട്ടുകാർ പറഞ്ഞപ്പോഴാണ് അധികൃതർക്ക് അബദ്ധം മനസിലായത്. എന്നാൽ നാവിന് താഴെ ഒരു കെട്ടുപോലെ ഉണ്ടായിരുന്നെന്നും ഇത് ഡോക്ടർമാർ കണ്ടെത്തി ശസ്ത്രക്രിയ നടത്തുകയായിരുന്നെന്നുമായിരുന്നു ഡോക്ടമാരുടെ മറുപടി. ഇത് സംബന്ധിച്ച് രോഗിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്താനായില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
വീഴ്ച ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് പിന്നീട് വിരലിനും ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. കുട്ടിക്ക് സംസാരിക്കാൻ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും നാവിന് കുഴപ്പമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അതിനുള്ള ചികിത്സയ്ക്കല്ല എത്തിയതെന്നും കുടുംബം പറയുന്നു. നാവിന് കുഴപ്പമൊന്നും ഇല്ലെന്നിരിക്കെ വീട്ടുകാരോട് പറയാതെ അതിന് ശസ്ത്രക്രിയ നടത്തിയതിലൂടെ ഗുരുതരവീഴ്ചയാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. വിഷയത്തിൽ മെഡി. കോളജ് അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.
അതേസമയം, സംഭവത്തിൽ വിശദാംശങ്ങൾ പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ഡോക്ടർക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. കുട്ടിയുടെ ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടുമായി സംസാരിക്കുകയും മെഡി.കോളജ് പ്രിൻസിപ്പൽ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്.
Adjust Story Font
16