Quantcast

ഏക സിവിൽ കോഡിന് കൂട്ടുനിൽക്കുന്ന ശരീഅത്ത് വിരുദ്ധരെ തിരിച്ചറിയണം: എം.ജി.എം

ഏക സിവിൽ കോഡ് വാദികൾക്ക് പരവതാനി വിരിക്കുന്ന പണി പരിഷ്‌ക്കരണവാദികൾ എന്ന പേരിൽ രംഗത്തിറങ്ങിയ ഇസ്ലാം വിരുദ്ധർ അവസാനിപ്പിക്കണമെന്നും എം.ജി.എം നേതൃസംഗമം ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    7 March 2023 4:16 PM GMT

mgm on uniform civil code
X

uniform civil code

കോഴിക്കോട്: ഇസ്ലാമിന്റെ അനന്തരാവകാശ നിയമങ്ങളെ പരിഹസിക്കുന്നവർ ഇസ്ലാം വിരുദ്ധ ശക്തികളുടെ കയ്യിലെ പാവകളായി മറുകയാണെന്ന് മുജാഹിദ് ഗേൾസ് ആന്റ് വിമൻസ് (എം.ജി.എം) സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. ഇസ്ലാമിന്റെ ദായക്രമം അന്യൂനവും പ്രായോഗികവുമാണ്. സമൂഹത്തിൽ സ്ത്രീകളും പുരുഷൻമാരും വഹിക്കുന്ന ഉത്തരവാദിത്തം കൂടി പരിഗണിച്ചാണ് ഇസ്ലാമിന്റെ ദായക്രമം. ദൈവികമായ നിർദേശങ്ങൾ പാലിക്കുന്നവരെ സംബന്ധിച്ചു ഇസ്ലാമിക ദായക്രമം എല്ലാ കാലേത്തേക്കും പ്രായോഗികമാണ് എന്ന കാര്യത്തിൽ സംശയമില്ല. അതിൽ സംശയമുള്ളവർ ദൈവിക മതത്തെ പൂർണമായി ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നവരോ നിയമങ്ങൾ പാലിക്കുമ്പോൾ നഷ്ടം സംഭവിക്കുമെന്ന് കരുതുന്നവരോ ആണ്. ഇസ്ലാമിക നിയമപ്രകാരം വിവാഹം കഴിച്ചവർ വീണ്ടും ര്ജിസ്റ്റർ വിവാഹം കഴിക്കുന്ന പരിഹാസ്യമായ അവസ്ഥ ജനം തിരിച്ചറിയും. ഏക സിവിൽ കോഡ് എന്ന ഭീഷണി രാജ്യത്ത് നിലനിൽക്കുമ്പോൾ തന്നെ ഇത്തരം കോപ്രായങ്ങൾ കാട്ടി ശ്രദ്ധ നേടാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാൻ സാധിക്കണമെന്നും എം.ജി.എം ആവശ്യപ്പെട്ടു.

ഏക സിവിൽ കോഡ് വാദികൾക്ക് പരവതാനി വിരിക്കുന്ന പണി പരിഷ്‌ക്കരണവാദികൾ എന്ന പേരിൽ രംഗത്തിറങ്ങിയ ഇസ്ലാം വിരുദ്ധർ അവസാനിപ്പിക്കണം. ഇസ്ലാമിലെ ദായക്രമത്തെ ചോദ്യം ചെയ്യുന്നവരുടെ സ്വാർഥത വെളിവാകുകയാണ്. ഇസ്ലാമിന്റെ വിശാലമായ സമീപനത്തിൽ നിയമപ്രകാരം സ്വത്തിന് അർഹരായവരെ തടയാൻ വേണ്ടി ഇസ്ലാമിക ശരീഅത്തിനെ അപമാനിക്കുന്നവർ കാര്യങ്ങൾ മനസ്സിരുത്തി പഠിക്കണമെന്നും എം.ജി.എം ആവശ്യപ്പെട്ടു. മുസ്ലിം പേരുള്ളവരെ തന്നെ കളത്തിലിറക്കി ഇസ്ലാമിക ദായക്രമത്തിൽ സംശയങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ വൈജ്ഞാനികമായി പ്രതിരോധിക്കാൻ സ്ത്രീ സമൂഹം മുന്നോട്ടുവരണമെന്നും എം.ജി.എം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയും അവകാശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും നടക്കുകയാണല്ലോ. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചു സമഗ്രമായി പ്രതിപാദിക്കുന്ന ഇസ്ലാമിന്റെ മാനവിക കാഴ്ചപ്പാടുകളെ കണ്ടില്ലെന്ന് നടിയ്ക്കാനുള്ള ഏതു നീക്കത്തെയും എതിർത്തു തോൽപിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ്യ, ആമിന അൻവരിയ്യ, സഫിയ ടീച്ചർ പാലത്ത്, ഷാഹിന തെയ്യമ്പാട്ടിൽ, ആയിഷ അലി കിനാലൂർ, ഫാത്തിമ ഇക്ബാൽ, ഫാത്തിമ സി.ടി, നൂറുന്നിസ നജാത്തിയ്യ, ഷാഹിന എ.പി, നബീല കുനിയിൽ, ശരീഫ സഹീദ്, സുഹറ ഹബീബ്, സുരയ്യ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

TAGS :

Next Story