ചിമ്പുവും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന അരസൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
വെട്രിമാരനും ചിമ്പുവും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് അരസൻ
ചെന്നൈ: ചിമ്പുവിനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന 'അരസൻ്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന് STR49 എന്ന പേരായിരുന്നു ഇതുവരെ ഉപയോഗിച്ചിരുന്നത്. വെട്രിമാരനും ചിമ്പുവും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് അരസൻ. ചിത്രത്തിലെ ചിമ്പുവിൻ്റെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു.
രക്തം പുരണ്ട ഷർട്ടിൽ കൈയിൽ ഒരു വാളുമായി, മുഖം ഭാഗികമായി മറച്ച് സൈക്കിളിനരികിൽ നിൽക്കുന്ന അന്തരീക്ഷമാണ് പോസ്റ്ററിൻ്റെ പശ്ചാത്തലം. സിലംബരസനും സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിൻ്റെ പോസ്റ്റർ പങ്കിട്ടു.
ബിഗ് ബജറ്റിലുള്ള ആക്ഷൻ ചിത്രമായാണ് അരസൻ ഒരുങ്ങുന്നത്. ധനുഷ് നായകനായി വെട്രിമാരൻ സംവിധാനം ചെയ്ത് നിർമ്മിച്ച വട ചെന്നൈയുടെ യൂണിവേർസിൽ തന്നെയായിരിക്കുെം അരസനും. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ് താണു ആണ് ചിത്രം നിർമ്മിക്കുന്നത്. 'അസുരൻ" എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ - കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചോ, അണിയറ പ്രവർത്തകരെ കുറിച്ചോയുള്ള, വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. ആരാധകരിൽ വലിയ പ്രതീക്ഷയാണ് ചിത്രം ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്. പൊല്ലാതവൻ, ആടുകളം, വിസാരണൈ, വട ചെന്നൈ, അസുരൻ, വിടുതലൈ 1, വിടുതലൈ 2 എന്നിവക്ക് ശേഷം വെട്രിമാരൻ ഒരുക്കുന്ന ചിത്രമാണ് "അരസൻ". പിആർഒ- ശബരി
Adjust Story Font
16



