Quantcast

ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്‍റെ വിവാദ പ്രസ്താവന; അന്വേഷണം വേണമെന്ന് എറണാകുളം അങ്കമാലി അതിരൂപത

ഏത് സാഹചര്യത്തിലാണ് പ്രസ്താവന നടത്തിയതെന്ന് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കണമെന്നും എറണാകുളം അങ്കമാലി അതിരൂപത ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    9 Feb 2026 7:56 AM IST

ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്‍റെ വിവാദ പ്രസ്താവന; അന്വേഷണം വേണമെന്ന് എറണാകുളം അങ്കമാലി അതിരൂപത
X

കൊച്ചി: തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്‍റെ വിവാദ പ്രസ്താവനയിൽ അന്വേഷണം വേണമെന്ന് എറണാകുളം അങ്കമാലി അതിരൂപത. ഭിന്നിപ്പുണ്ടാക്കാൻ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെകിൽ അന്വേഷിക്കണം. രാജ്യത്തെ നിയമ സംവിധാനങ്ങൾ അന്വേഷണം നടത്തണം. ഏത് സാഹചര്യത്തിലാണ് പ്രസ്താവന നടത്തിയതെന്ന് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കണമെന്നും എറണാകുളം അങ്കമാലി അതിരൂപത ആവശ്യപ്പെട്ടു.

പോപ്പുലർ ഫ്രണ്ടിനെ റെയ്‌ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതികളിൽ സീറോമലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക എന്നത് ഒരുലക്ഷ്യമായിരുന്നു എന്ന പ്രസ്താവനയെ ആർക്കും തമസ്ക്‌കരിക്കാനാവില്ല. ഭാരത കത്തോലിക്ക സഭയുടെയും സീറോ മലബാർ സഭയുടെയും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന ആൻഡ്രൂസ് താഴത്ത് പിതാവ് നടത്തിയ ഈ പ്രസ്‌താവനയിൽ ആരാണ് അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിച്ചത് എന്നും അതിലേക്ക് എന്തൊക്കെ തെളിവുകൾ ലഭിച്ചതിന്റെ വെളിച്ചത്തിലാണ് ഗൗരവതരമായ പ്രസ്താവന നടത്തിയതെന്നും നിയമസംവിധാനങ്ങൾക്ക് മുൻപിൽ പറയുവാൻ കടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ നിയമസംവിധാനങ്ങൾ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു.

സീറോ മലബാർ സഭയുടെ ആരാധനക്രമത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളിലോ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തേണ്ടത് മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിലാണെന്നിരിക്കെ സിബിസിഐ പ്രസിഡൻ്റ് എന്ന നിലയിൽ മാർ ആൻഡ്രൂസ് താഴത്തിൻ്റെ ഇടപെടലുകൾ അതിരുവിടുന്നെന്നാണ് അൽമായ മുന്നേറ്റത്തിൻ്റെ കുറ്റപ്പെടുത്തൽ.

ക്രൈസ്തവരിൽ വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെന്നാണ് ആൻഡ്രൂസ് താഴത്ത് ദീപികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അങ്ങനെയുള്ള സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടാകുമെന്നാണ് തന്റെ നിരീക്ഷണമെന്നും ഓരോ വർഷം കഴിയുംതോറും കേരളത്തിലടക്കം തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണെന്നും ആൻഡ്രൂസ് പറയുന്നു. സഭയിൽ പിളർപ്പുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ടും മുസ്‍ലിം സാമുദായിക സംഘടനകളും ഇടപെട്ടെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

ആൻഡ്രൂസ് താഴത്തിന്‍റെ പരാമര്‍ശത്തിനെതിരെ അൽമായ മുന്നേറ്റവും രംഗത്തെത്തിയിരുന്നു. ബിഷപ്പ് സംഘ്പരിവാർ ഏജന്റാണെന്നാണ് സംശയമെന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ മീഡിയവണിനോട് പറഞ്ഞിരുന്നു.



TAGS :

Next Story