Quantcast

‘പാലയൂർ പള്ളിയുടെ ചരിത്രം ഹിന്ദു ഐക്യവേദി വളച്ചൊടിക്കുന്നു’ തൃ​ശൂർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്

2000 വർഷത്തെ പഴക്കമുണ്ട് ഭാരത കത്തോലിക്ക സഭക്ക്. പാലയൂരിൽ അന്ന് മുതൽ ക്രിസ്ത്യൻ മതം ഉണ്ടെന്നും ബിഷപ്പ്

MediaOne Logo

Web Desk

  • Published:

    8 Feb 2024 4:21 AM GMT

Andrews Thazhath, Palayur Church,hindu aikya vedi
X

ബംഗളുരു: ഗുരുവായൂ​രിനടുത്ത പാലയൂർ പള്ളിയുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബുവിന്റെ പ്രസ്താവന ചരിത്രം വളച്ചൊടിക്കലാണെന്ന് തൃ​ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.പാലയൂർ പള്ളി മുമ്പ് ശിവക്ഷേത്രമായിരുന്നുവെന്നായിരുന്നു ആർ.വി ബാബു ചാനൽ ചർച്ചയിൽ പറഞ്ഞത്.

ചരിത്രം പഠിച്ചാൽ ഇതിന്റെയൊക്കെ സത്യം മനസിലാകും. 2000 വർഷത്തെ പഴക്കമുണ്ട് ഭാരത കത്തോലിക്ക സഭക്ക്. പാലയൂരിൽ അന്ന് മുതൽ ക്രിസ്ത്യൻ മതം ഉണ്ട്.പാലയൂർ പള്ളി ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്രിസ്ത്യൻ പള്ളികളിൽ ഒന്നാണെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുത്തതിന് പിന്നാലെ ബംഗളൂരുവിൽ മാധ്യമ പ്രർത്തകരോട് സംസാരിക്കുകയായിരുന്നു ആൻഡ്രൂസ് താഴത്ത്.

ഗുരുവായൂരിലെ പാലയൂർ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നായിരുന്നു ഹിന്ദു ഐക്യവേദി വക്താവ് ആർ.വി ബാബു ചാനൽ ചർച്ചയിൽ പറഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുന്ന സമയം തൊട്ട് തനിക്ക് ഇത് അറിയാം. ട്വന്റിഫോര്‍ ന്യൂസ് ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് പാലയൂർ പള്ളിയെ പറ്റി ഗുരുതര ആരോപണം ഉന്നയിച്ചത്.

(ഗുരുവായൂരിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ സെൻ്റ് തോമസ് സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പള്ളികളിൽ ഒന്നാണ് പാലയൂർ പള്ളി. അന്തർദേശീയ തീർത്ഥാടന കേന്ദ്രത്തിനൊപ്പം രാജ്യത്തെ ആദ്യ ക്രിസ്തീയ ദേവാലയങ്ങളിൽപെട്ടതാണ് പാലയൂർ പള്ളി.)

മലയാറ്റൂർ പള്ളി എങ്ങനെയാണുണ്ടാ​യതെന്ന് മലയാറ്റൂർ രാമകൃഷ്ണൻ മാതൃഭൂമി വാരികയിൽ എഴുതിയിട്ടുണ്ടെന്നും അത് വായിക്കണമെന്നും ആർ.വി ബാബു പറഞ്ഞു. അർത്തു​ങ്കൽ പള്ളി ഹിന്ദുക്ഷേത്രമായിരുന്നുവെന്ന് ആർ.എസ്.എസ് നേതാവ് ടി.ജി മോഹൻദാസ് പറഞ്ഞത് ശരിയാണ്. അമ്പത് വർഷം മുമ്പ് പുറത്തിറക്കിയ സുവനീറിൽ അത് പറഞ്ഞിട്ടുണ്ടെന്നും ആർ.വി ബാബു പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ ശിവ​ക്ഷേത്രം വീണ്ടെടുക്കു​കയെന്ന ജോലിയാണ് ഹിന്ദുക്കൾ ചെയ്യേണ്ടത് എന്നായിരുന്നു ആർ.എസ്.എസ് സൈദ്ധാന്തികനായ ടി.ജി മോഹൻദാസ് മുമ്പ് ട്വീറ്റ് ചെയ്തത്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ അർത്തുങ്കൽ എന്ന പ്രദേശത്താണ് അർത്തുങ്കൽ പള്ളി എന്ന സെന്റ് ആൻഡ്രൂസ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്.

തൃശൂർ വടക്കുംനാഥന്റെ സ്ഥലത്താണ് പുത്തൻപള്ളിയും കോളജും നിൽക്കുന്നതെന്നും അടുത്ത കാലങ്ങളിൽ അത് തിരിച്ചുപിടിക്കുമെന്ന് ഹിന്ദുത്വ നേതാവായ അഡ്വക്കേറ്റ് കൃഷ്ണരാജ് ഫേസ്ബു​ക്കിൽ കുറിച്ചിരുന്നു.വടക്കുംനാഥന്റെ ഏക്കർ കണക്കിന് ഭൂമികളിലാണ് പള്ളിയും റോമൻ കത്തോലിക്കാ രൂപതയും പൊങ്ങിയതെന്നായിരുന്നു കുറിപ്പിലെ ആരോപണം.

TAGS :

Next Story