Quantcast

അർജന്റീന ടീം കേരളത്തിലേക്ക് വരാത്തത് റിപ്പോർട്ടർ കമ്പനി സമയത്തിന് പണം നൽകാത്തതിനാൽ; കരാർ ഒപ്പിട്ട ശേഷം പണം നൽകേണ്ട സമയക്രമം പാലിച്ചില്ല

എഎഫ്എ ഒപ്പിട്ട അന്തിമ കരാറിന്റെ പകർപ്പും, കരാർ ലംഘനം ചൂണ്ടിക്കാട്ടുന്ന കത്തും, എഎഫ്എയുടെ ടെർമിനേഷൻ നോട്ടീസും അടക്കമുള്ള നിർണായക രേഖകളും മീഡിയവണിന് ലഭിച്ചു

MediaOne Logo

Web Desk

  • Updated:

    2026-08-13 05:21:04

Published:

13 Aug 2026 8:38 AM IST

അർജന്റീന ടീം കേരളത്തിലേക്ക് വരാത്തത് റിപ്പോർട്ടർ കമ്പനി സമയത്തിന് പണം നൽകാത്തതിനാൽ; കരാർ ഒപ്പിട്ട ശേഷം പണം നൽകേണ്ട സമയക്രമം പാലിച്ചില്ല
X

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേരള സന്ദർശനം അനിശ്ചിതത്വത്തിലാകാനും പിന്നീട് പൂർണമായി റദ്ദാക്കപ്പെടാനും കാരണം സംഘാടകരായ റിപ്പോർട്ടർ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സാമ്പത്തിക വീഴ്ചകളാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. കരാർ പ്രകാരമുള്ള പണം കൃത്യസമയത്ത് നൽകുന്നതിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി തുടർച്ചയായി വരുത്തിയ ലംഘനങ്ങളാണ് അർജന്റീന ടീമിന്റെ പിന്മാറ്റത്തിലേക്ക് നയിച്ചത്. അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഒപ്പിട്ട അന്തിമ കരാറിന്റെ പകർപ്പും, കരാർ ലംഘനം ചൂണ്ടിക്കാട്ടുന്ന കത്തും, എഎഫ്എയുടെ ടെർമിനേഷൻ നോട്ടീസും അടക്കമുള്ള നിർണായക രേഖകളും മീഡിയവണിന് ലഭിച്ചു.

രണ്ട് സൗഹൃദ മത്സരങ്ങൾക്കായി 15 മില്യൺ ഡോളറിന്റെ (ഏകദേശം 126 കോടി രൂപ) ബൃഹത്തായ കരാറാണ് റിപ്പോർട്ടർ കമ്പനി എഎഫ്എയുമായി ഉണ്ടാക്കിയിരുന്നത്. കരാർ വ്യവസ്ഥകൾ പ്രകാരം ഒപ്പിട്ട് മൂന്ന് ദിവസത്തിനകം ആദ്യ ഗഡുവായി ഒമ്പത് മില്യൺ ഡോളർ (90 ലക്ഷം ഡോളർ) നൽകണമെന്നായിരുന്നു പ്രധാന നിബന്ധന. എന്നാൽ റിപ്പോർട്ടർ കമ്പനി ഈ വ്യവസ്ഥ ലംഘിച്ചു. വളരെ വൈകി ജൂൺ 6ന് മാത്രമാണ് ഈ തുക കൈമാറാൻ കമ്പനിക്ക് സാധിച്ചത്. മുൻപ് ഗോൾഡ് മർച്ചന്റ്സ് അസോസിയേഷനുമായുള്ള ആദ്യ കരാറിലും സമാനമായ സാമ്പത്തിക ലംഘനം നടന്നിരുന്നു (ഇതിന്റെ ഭാഗമായി 4.5 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യതയും വന്നിരുന്നു). കൃത്യസമയത്ത് പണം ലഭിക്കാതിരുന്നതോടെ എഎഫ്എ ആദ്യ ഘട്ടത്തിൽ തന്നെ കരാറിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നു.

ആദ്യ വീഴ്ചയ്ക്ക് ശേഷം നടന്ന ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ ആഗസ്റ്റ് 19ന് കരാറിൽ ഭേദഗതി വരുത്തി മുന്നോട്ട് പോകാൻ തീരുമാനമായി. പുതിയ ധാരണ പ്രകാരം രണ്ട് മത്സരങ്ങൾ എന്നത് വെട്ടിച്ചുരുക്കി ഒരു സൗഹൃദ മത്സരവും ഒരു ഫാൻ മീറ്റും എന്നാക്കി മാറ്റി. കൂടാതെ, 45 ദിവസത്തിനകം രണ്ടാമത്തെ ഗഡുവായ 5.5 മില്യൺ ഡോളർ (55 ലക്ഷം ഡോളർ) നൽകണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തി. എന്നാൽ ഒക്ടോബർ 14ന് മാത്രമാണ് സ്പോൺസർമാരായ കമ്പനി ഈ തുക നൽകിയത്. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം കാലതാമസങ്ങൾ അംഗീകരിക്കാനാകില്ലെന്നും, നിരന്തരമായ കരാർ ലംഘനങ്ങൾ കാരണം മുന്നോട്ട് പോകാൻ കഴിയില്ലെന്നും വ്യക്തമാക്കി എഎഫ്എയുടെ മാർക്കറ്റിങ് മാനേജർ റിപ്പോർട്ടർ കമ്പനിക്ക് ടെർമിനേഷൻ നോട്ടീസ് നൽകി.

ഏകദേശം 14.5 മില്യൺ ഡോളർ (120 കോടിയിലധികം രൂപ) ഇതിനകം സ്പോൺസർമാർ നൽകിക്കഴിഞ്ഞിട്ടും പരിപാടി മുടങ്ങുന്ന അവസ്ഥ വന്നതോടെയാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടുന്നത്. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നേരിട്ട് എഎഫ്എയ്ക്ക് കത്തയച്ച് കരാർ തുടരാൻ ആവശ്യപ്പെട്ടു. എന്നാൽ റിപ്പോർട്ടർ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ തുടർച്ചയായ കരാർ ലംഘനങ്ങളാണ് തങ്ങളെ പിന്തിരിപ്പിക്കുന്നതെന്ന് എഎഫ്എ മന്ത്രിയെ രേഖാമൂലം അറിയിച്ചു. എങ്കിലും സർക്കാർ ഇടപെടലിനെ തുടർന്ന് നവംബർ 19ന് മൂന്നാമതൊരു കരാർ കൂടി ഉണ്ടാക്കി. ഒക്ടോബർ-നവംബർ വിൻഡോയിൽ നടക്കേണ്ടിയിരുന്ന മത്സരം 2026 മാർച്ചിലേക്ക് മാറ്റാനായിരുന്നു ഈ കരാറിലെ തീരുമാനം.

മൂന്നാമത്തെ കരാർ പ്രകാരം, റിപ്പോർട്ടർ കമ്പനി അടച്ച രണ്ടാമത്തെ ഗഡുവായ 55 ലക്ഷം ഡോളർ ഏഴ് ദിവസത്തിനകം എഎഫ്എ തിരികെ നൽകുമെന്നും, പിന്നീട് മത്സരം നടക്കുന്നതിന് രണ്ട് മാസം മുൻപ് ഈ തുക കമ്പനി വീണ്ടും നൽകണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ 2026 മാർച്ചിലും ഈ മത്സരം നടന്നില്ല. ലോകത്തിലെ തന്നെ ഒന്നാം നിര ഫുട്ബോൾ അസോസിയേഷനായ എഎഫ്എയ്ക്ക്, നിരന്തരമായി സാമ്പത്തിക വ്യവസ്ഥകൾ ലംഘിക്കുന്ന ഒരു സംഘാടകരുമായി ചേർന്ന് മുന്നോട്ട് പോകാൻ കഴിയാത്തതിനാലാണ് അവർ ഈ പദ്ധതിയിൽ നിന്നും പൂർണമായും പിന്മാറിയത്.

TAGS :

Next Story