Quantcast

അരിക്കൊമ്പൻ മിഷൻ; ബെംഗളുരുവിൽ നിന്ന് ജിപിഎസ് കോളർ എത്തും

വനം വകുപ്പിന്റെ കയ്യിൽ ജിപിഎസ് സംവിധാനമുളള റേഡിയോ കോളർ ഇല്ലാത്തത് ആന ഏത് ഭാഗത്താണെന്ന് മനസ്സിലാക്കുന്നതിന് തടസ്സമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-04-12 12:06:30.0

Published:

12 April 2023 12:01 PM GMT

അരിക്കൊമ്പൻ മിഷൻ; ബെംഗളുരുവിൽ നിന്ന് ജിപിഎസ് കോളർ എത്തും
X

അരിക്കൊമ്പനുള്ള റേഡിയോ കോളർ നാളെ ബെംഗളുരുവിൽ നിന്നെത്തും. വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കൈവശമുള്ള ജിപിഎസ് കോളറാണ് എത്തിക്കുന്നത്. നേരത്തെ അസമിൽ നിന്ന് റേഡിയോ കോളർ എത്തിക്കാനായിരുന്നു തീരുമാനം. വനം വകുപ്പിന്റെ കയ്യിൽ ജിപിഎസ് സംവിധാനമുളള റേഡിയോ കോളർ ഇല്ലാത്തത് ആന ഏത് ഭാഗത്താണെന്ന് മനസ്സിലാക്കുന്നതിന് തടസ്സമായിരുന്നു.

പ്രശ്നക്കാരായ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കാൻ സഹായിക്കുന്ന ജി പി എസ് ഘടിപ്പിച്ച സംവിധാനമാണ് റേഡിയോ കോളർ. ഇത് ധരിപ്പിക്കുന്നതോടുകൂടി ആ മൃഗത്തിനെ കൃത്യമായി നിരീക്ഷിക്കാനും അതിന്റെ സാന്നിധ്യവും ജീവിതക്രമങ്ങളും അറിയാനും സാധിക്കും. കോളറിലൂടെ ഈ വിവരങ്ങൾ ലഭ്യമാകുന്നതിനാൽ ജനവാസ കേന്ദ്രങ്ങളിലേക്ക് ഈ മൃഗങ്ങൾ എത്തുന്നത് മനസിലാക്കി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാം എന്നതാണ് പ്രധാന നേട്ടം.

അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്ന ഇടക്കാല ഉത്തരവിൽ മാറ്റമില്ലെന്ന് ഹൈക്കോടതി. പറമ്പിക്കുളമല്ലാതെ മറ്റേതെങ്കിലും ഇടമുണ്ടെങ്കിൽ സർക്കാരിന് നിർദേശിക്കാമെന്നും കോടതി പറഞ്ഞു. ഇതിനായി സംസ്ഥാന സർക്കാരിന് കോടതി സമയം അനുവദിച്ചു.

അരിക്കൊമ്പനെ പിടിക്കാനുള്ള ട്രയൽ റൺ തടഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുമ്പോൾ ടൈഗർ റിസർവിന്റെ പുറത്തുള്ളവർ ആശങ്കപ്പെടേണ്ട ആവശ്യമില്ലല്ലോ. പറമ്പിക്കുളം ടൈഗർ റിസർവിനകത്തേക്ക് ജനങ്ങൾ കയറാറുണ്ടോ എന്നും കോടതി ചോദിച്ചു. ആനയെ തമിഴ്‌നാട്ടിലേക്ക് വിടാൻ പറ്റില്ലല്ലോ എന്ന് ചോദിച്ച കോടതി പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം കോടതി സ്വമേധയാ എടുത്തതല്ലെന്നും തീരുമാനമെടുത്തത് വിദഗ്ധ സമിതിയാണെന്നും ചൂണ്ടിക്കാട്ടി. അരിക്കൊമ്പനെ കൊണ്ടുവിടേണ്ട കാടുകളിൽ അഗസ്ത്യാർ കൂടം പരിഗണനയിലില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. നമ്മൾ സ്വാർത്ഥ സമൂഹമായി മാറുകയാണെന്ന് കോടതി വിമർശിച്ചു.

ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന് കോടതി പറഞ്ഞു. എല്ലാ കാട്ടാനകളെയും പിടികൂടാനാകുമോ, കാടുമായി ബന്ധപ്പെട്ട ആവാസ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റമാകില്ലേ അത്. ഇന്ന് അരിക്കൊമ്പൻ, ചക്കക്കൊമ്പനും മറ്റ് കൊമ്പനും അവിടെ തന്നെ തുടരുകയാണ്. ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമാണ്, എന്നാൽ പിടികൂടിയതിന് ശേഷമുള്ള ആനയുടെ ദുരിതത്തെ പറ്റി ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ..ആനയെ സ്ഥിരമായി പിടികൂടാതെയുള്ള പ്രശ്‌ന പരിഹാരമാണ് ലക്ഷ്യമിടുന്നതെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവർ പറഞ്ഞു.പറമ്പിക്കുളത്ത് ആകെയുള്ള മൂന്ന് റേഷൻ കടകളും അരിക്കൊമ്പനെത്തിയാൽ നശിപ്പിക്കുമെന്ന ആശങ്ക ഉണ്ടെന്ന് നന്മാറ എംഎൽഎ പറഞ്ഞു. ആനയെ അഗസ്ത്യാർകൂടത്തേക്ക് മാറ്റിക്കൂടേ എന്ന് എംഎൽഎ ചോദിച്ചു. അപ്പോൾ പിന്നെ ഇത് മറ്റുള്ളവരുടെ തല വേദനയാകില്ലേയെന്ന് കോടതി ചോദിച്ചു. ഇതെല്ലാം സർക്കാരിനോട് പറയൂവെന്നും കോടതി പറഞ്ഞു. ആനയെ എങ്ങോട്ട് മാറ്റണമെന്ന് സർക്കാർ തീരുമാനിക്കട്ടയെന്ന് കോടതി ചൂണ്ടിക്കാട്ടി. അരിക്കൊമ്പൻ വിഷയം ഈ മാസം 19 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Next Story