Quantcast

രാമനാട്ടുകര സ്വർണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

വക്കീല്‍ പറഞ്ഞു പഠിപ്പിച്ച മൊഴിയാണ് അര്‍ജുന്‍ പറയുന്നതെന്നാണ് കസ്റ്റംസിന്‍റെ നിഗമനം.

MediaOne Logo

Web Desk

  • Updated:

    2021-06-28 19:11:52.0

Published:

28 Jun 2021 2:35 PM GMT

രാമനാട്ടുകര സ്വർണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍
X

രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. രാവിലെ 10.30 ന് ഹാജരായ അര്‍ജുനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അർജുന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. കേസില്‍ പ്രധാന പ്രതിയായ ഷെഫീഖുമായുള്ള ബന്ധമാണ് അറസ്റ്റിലേക്ക് നയിച്ചത്.

ഷെഫീഖ് കടം വാങ്ങിയ പണം തിരിച്ചുവാങ്ങാനാണ് കരിപ്പൂരിൽ എത്തിയതെന്ന് അർജുൻ മൊഴിനൽകിയിരുന്നു. എന്നാൽ അർജുന്‍റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. വക്കീല്‍ പറഞ്ഞു പഠിപ്പിച്ച മൊഴിയാണ് അര്‍ജുന്‍ പറയുന്നതെന്നാണ് കസ്റ്റംസിന്‍റെ നിഗമനം.

സ്വർണക്കടത്തിലെ മുഖ്യ പ്രതി ഷെഫീഖിനൊപ്പം അർജുനെ നാളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.

കേസിൽ അർജുന് നേരിട്ട് ബന്ധമുണ്ടെന്നാണ് കസ്റ്റംസിൻറെ കണ്ടെത്തൽ. സ്വർണം കൊണ്ടുവന്ന ഷെഫീഖിൻറെ ഫോണിൽ നിന്നും ഇതിന്റെ തെളിവുകൾ ലഭിച്ചു. അർജുനെയും ഷഫീഖിനെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഷെഫീഖിനെ അഞ്ച് ദിവസം കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു.

കണ്ണൂർ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിക്ക് സ്വർണക്കടത്തിൽ മുഖ്യ പങ്കുണ്ടെന്നാണ് കസ്റ്റംസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. സ്വർണവുമായി വിമാനത്താവളത്തിൽ നിന്നും പിടികൂടിയ മുഹമ്മദ് ഷെഫീഖ് കാരിയർ മാത്രമാണ്. 40,000 രൂപയും വിമാനടിക്കറ്റും ആയിരുന്നു ഷെഫീഖിന് വാഗ്ദാനം നൽകിയത്. സ്വർണവുമായി വരുമ്പോൾ താൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുമെന്ന് അർജുൻ ഷെഫീഖിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിൽ എത്തിയ ഉടനെ ഷർട്ട് മാറ്റിവരാനും ആവശ്യപ്പെട്ടുവെന്നും ഷെഫീഖ് മൊഴി നൽകിയതായി കസ്റ്റംസ് പറയുന്നു.

ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞു മലയിലെ ഒരു കഷണം മാത്രമാണെന്നും കൂടുതൽ പേര് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സലിം എന്നയാൾ വഴിയാണ് മുഹമ്മദിനെ പരിചയപ്പെട്ടതെന്നും അതുവഴി അർജ്ജുനിലേക്കെത്തിയെന്നുമാണ് ഷെഫീഖിൻറെ മൊഴി.

TAGS :

Next Story