സംവരണ അട്ടിമറിക്കെതിരായ രാജ്യവ്യാപക ബന്ദ്: കാസർകോട്ടും ആലപ്പുഴയിലും അറസ്റ്റ്
സാധുജന പരിഷത്ത്, വെൽഫെയർ പാർട്ടി നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: സംവരണ അട്ടിമറിക്കെതിരെ ആദിവാസി- ദലിത് സംഘടനകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ബന്ദിന്റെ ഭാഗമായി പ്രകടനം നടത്തിയ സാധുജന പരിഷത്ത് ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ചെറുവത്തൂരിലാണ് സംഭവം. സംസ്ഥാന പ്രസിഡന്റ് അനീഷ് പയ്യന്നൂർ, സെക്രട്ടറി രാഘവൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് ഹരീഷ് പയ്യന്നൂർ, കാസർകോട് ജില്ലാ പ്രസിഡൻറ് ബിനു ചീമേനി എന്നിവരാണ് അറസ്റ്റിലായത്.
ബന്ദിന് പിന്തുണയർപ്പിച്ച വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി പി.ടി. വസന്തകുമാറിനെയും അറസ്റ്റ് ചെയ്തു. ചെങ്ങന്നൂരിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്തനംതിട്ട ജില്ലയിൽ പ്രതിഷേധ പ്രകടനം നടത്തി. പത്തനംതിട്ട അബാൻ ജംഗ്ഷനിൽനിന്നും ആരംഭിച്ച പ്രകടനത്തിൽ പത്തോളം സംഘടനകളുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
കേന്ദ്രസർക്കാരിന്റെ സംവരണ നയത്തിനും സുപ്രിംകോടതിയുടെ ക്രീമിലെയർ വിധിക്കുമെതിരായാണ് നാഷണൽ കോൺഫെഡറേഷൻ ഓഫ് ദളിത് ആൻഡ് ആദിവാസി ഓർഗനൈസേഷൻസ് (NACDAOR) ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് ദലിത്- ആദിവാസി സംഘടനാ നേതാക്കൾ അറിയിച്ചിരുന്നു.
Adjust Story Font
16

