Quantcast

''ആ സമരത്തിലാണ് സഖാവിനെ ഞാൻ ആദ്യമായി കാണുന്നത്''; സച്ചിന്‍ ദേവിനെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി ആര്യ രാജേന്ദ്രന്‍

ഇന്ന് സമാപിച്ച എസ്.എഫ്.ഐയുടെ 34 ആം സംസ്ഥാന സമ്മേളനത്തിൽ സംഘടനയിൽ നിന്ന് സച്ചിൻ പടിയിറങ്ങിയതിന് പിന്നാലെയാണ് ആര്യ രാജേന്ദ്രൻറെ കുറിപ്പ്. സച്ചിൻ ദേവിൻറെ പ്രതിശ്രുത വധു കൂടിയാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയറായ ആര്യ രാജേന്ദ്രൻ

MediaOne Logo

Web Desk

  • Published:

    27 May 2022 12:21 PM GMT

ആ സമരത്തിലാണ് സഖാവിനെ ഞാൻ ആദ്യമായി കാണുന്നത്;  സച്ചിന്‍ ദേവിനെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി ആര്യ രാജേന്ദ്രന്‍
X

എസ്.എഫ്.ഐയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിടവാങ്ങുന്ന സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിനെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. ഇന്ന് സമാപിച്ച എസ്.എഫ്.ഐയുടെ 34 ആം സംസ്ഥാന സമ്മേളനത്തില്‍ സംഘടനയില്‍ നിന്ന് സച്ചിന്‍ പടിയിറങ്ങിയതിന് പിന്നാലെയാണ് ആര്യ രാജേന്ദ്രന്‍റെ കുറിപ്പ്. സച്ചിന്‍ ദേവിന്‍റെ പ്രതിശ്രുത വധു കൂടിയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായ ആര്യ രാജേന്ദ്രന്‍. സംഘടനാതലത്തിലെ ഇരുവരുടേയും സൌഹൃദത്തെക്കുറിച്ചും മറ്റുമെഴുതിയ കുറിപ്പ് ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്.

തിരുവനന്തപുരത്തുവെച്ച് നടന്ന കെ.ടി.യു സമരത്തിലാണ് ഇരുവരും തമ്മില്‍ ആദ്യമായി കാണുന്നതെന്നും ബാലസംഘവുമായി ബന്ധപ്പെട്ടും എസ്.എഫ്.ഐയുമായി ബന്ധപ്പെട്ടുമുള്ള സംഘടനാ കാര്യങ്ങൾ സംസാരിച്ചുമാണ് സൌഹൃദം ആരംഭിച്ചതെന്നും ആര്യ പറയുന്നു. ജീവിതത്തിന്റെ എല്ലാ പ്രയാസങ്ങളെയും നേരിടാൻ കരുത്ത് പകരുന്ന സുഹൃത്ത് കൂടിയാണ് സച്ചിന്‍ ദേവ്. സ്ത്രീ എന്ന നിലയ്ക്കുള്ള എല്ലാ അഭിപ്രായങ്ങളെയും നിലപാടുകളെയും ബഹുമാനപൂർവ്വം അഭിസംബോധന ചെയ്യുന്ന ആളാണ് അദ്ദേഹം, ഒരു ഘട്ടത്തിലും എന്‍റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതോ ചോദ്യം ചെയ്യുന്നതോ ആയ ഒരു വാക്ക് പോലും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

'പ്രതിസന്ധിയുടെ കാലത്ത് പ്രയാസമേറിയ സാഹചര്യങ്ങളിൽ സംഘടനയെ ധീരമായി നയിച്ച പ്രിയസഖാവിന് ഹൃദയത്തിൽ നിന്നൊരു ലാൽസലാം' എന്നു പറഞ്ഞുകൊണ്ടാണ് ആര്യ രാജേന്ദ്രന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആര്യ രാജേന്ദ്രന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എസ്.എഫ്.ഐയുടെ 33-ാം സംസ്ഥാന സമ്മേളനത്തിലാണ് സ.സച്ചിൻ ദേവ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാവുന്നത്. തിരുവനന്തപുരം ജില്ലയിൽ നടന്ന കെടിയു സമരത്തിലാണ് സഖാവിനെ ഞാൻ ആദ്യമായി കാണുന്നത്. സമരത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത് സമര സഖാക്കളെ അഭിവാദ്യം ചെയ്ത് സഖാവ് സംസാരിക്കുമ്പോൾ എല്ലാവരെയും പോലെ ഞാനും ആ സമരത്തിന്റെ ആവേശത്തിലായിരുന്നു.

ബാലസംഘം,എസ് എഫ് ഐ സംഘടന കാര്യങ്ങൾ സംസാരിച്ചാണ് ഞങ്ങളുടെ സംഭാഷണം ആരംഭിച്ചത്. പിന്നീട് രണ്ട് ജില്ലകളിലെ സംഘടന പ്രവർത്തനത്തെ പറ്റിയുള്ള സംസാരമായി . സഖാവ് അധികവും സംസാരിക്കുക ഈ രണ്ട് വിഷയങ്ങളാണ്. ഒരു പക്ഷെ സഖാവ് ഏറെ സംസാരിക്കുന്നത് സംഘടന കാര്യങ്ങളാണ് എന്ന് പറയുന്നതാവും ശരി. വളരെ യാദൃച്ഛികമായാണ് ആ സംഘടന ബന്ധം നല്ല സൗഹൃദമായി മാറിയത്. ജീവിതത്തിന്റെ എല്ലാ പ്രയാസങ്ങളെയും നേരിടാൻ കരുത്ത് പകരുന്ന സുഹൃത്ത്. സ്ത്രീ എന്ന നിലയ്ക്കുള്ള എന്റെ എല്ലാ അഭിപ്രായങ്ങളെയും നിലപാടുകളെയും ബഹുമാനപൂർവ്വം അഭിസംബോധന ചെയ്യുന്ന ആൾ, ഒരു ഘട്ടത്തിലും എന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതോ ചോദ്യം ചെയ്യുന്നതോ ആയ ഒരു വാക്ക് പോലും ഈ കാലയളവിൽ സഖാവിൽ നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് ഞാൻ കണ്ട പ്രത്യേകത. എല്ലാം സഹിക്കുന്നവളായല്ല മറിച്ച് സ്വന്തം കാലിൽ, സ്വന്തം നിലപാടിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്ന പെൺകുട്ടിയായി/ സ്ത്രീയായി എന്നെ മാറ്റിത്തീർത്തതിൽ പാർട്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ചത് സച്ചിനേട്ടനാണ്. പല പ്രശ്നങ്ങളും മുന്നിൽ വന്നപ്പോൾ " ധൈര്യമായി മുന്നോട്ട് പോകണം,നീ തനിച്ചല്ല" എന്ന സച്ചിനേട്ടന്റെ വാക്കിൽ ഒരു യഥാർത്ഥ എസ്എഫ്ഐക്കാരന്റെ ആത്മാർത്ഥയും കരുതലും സ്നേഹവും ഞാൻ കണ്ടു.

യൂണിറ്റ് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറി വരെയുള്ള യാത്രയിൽ എസ്എഫ്ഐയെ അത്ര തന്നെ സ്നേഹിക്കുകയും എസ്എഫ്ഐ ആഗ്രഹിക്കുന്ന പോലെ ഉയർന്നു ചിന്തിക്കാനും സച്ചിനേട്ടന് സാധിച്ചു.എസ്എഫ്ഐ സംഘടന പ്രവർത്തനം സച്ചിനെന്ന വ്യക്തിയെ നല്ല മനുഷ്യനാക്കി. പ്രതിസന്ധികളിൽ പതറാതെ തീരുമാനങ്ങളിൽ എത്താനും എടുത്ത തീരുമാനം നടപ്പാക്കാനും സഖാവ് കാണിക്കുന്ന കണിശത മാതൃകാപരമാണ്.

സംസ്ഥാന സമ്മേളനം അടുക്കുംതോറും എസ്എഫ്ഐയിൽ നിന്നും വിടവാങ്ങുന്നു എന്ന മാനസിക പ്രയാസം മറ്റാരോടും പറയാതെ മനസ്സിൽ സൂക്ഷിക്കുന്നത് പലതവണ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഞാനത് ചോദിച്ച് കൂടുതൽ വിഷമിപ്പിച്ചില്ല. ആ പ്രയാസത്തേക്കാൾ സഖാവ് പ്രധാന്യം നൽകിയത് പുതിയ കേഡർമാരെ ചുമതല ഏൽപ്പിക്കണം എന്ന ഗൗരവമുള്ള ഉത്തരവാദിത്ത്വത്തിലാണ് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ഓരോ ദിവസവും കഴിയുംതോറും അദ്ദേഹത്തിന്റെ ഓരോ ചിന്തകളെയും തോന്നലുകളെയും അടുത്തറിയാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് ദൂരം നമുക്ക് ഒരുമിച്ച് യാത്ര ചെയ്യണം, നമ്മുടെ പ്രസ്ഥാനത്തെയും ചേർത്ത് പിടിച്ചുള്ള ആ യാത്രകളാവും ജീവിതത്തിലെ ഏറ്റവും സുന്ദരവും അഭിമാനവുമുള്ള ഓർമ്മകളാവുക എന്ന് സച്ചിനേട്ടൻ പറഞ്ഞത് ഓർക്കുന്നു. പ്രതിസന്ധിയുടെ കാലത്ത് പ്രയാസമേറിയ സാഹചര്യങ്ങളിൽ ഞാൻ ഉൾപ്പടെയുള്ള സഖാക്കളെയും സംഘടനെയും ധീരമായി നയിച്ചതിനു പ്രിയസഖാവിന് ഹൃദയത്തിൽ നിന്നൊരു ലാൽസലാം.

ബാലുശ്ശേരിയിലെ ജനങ്ങൾക്ക് ഈ "നല്ല മനുഷ്യന്റെ"കരുതൽ എപ്പോഴുമുണ്ടാകും.

TAGS :

Next Story