Quantcast

നാട്ടില്‍ മകളുടെ വിവാഹം, പ്രവാസിയായ പിതാവിന്‍റെ മൃതദേഹം മോര്‍ച്ചറിയില്‍; ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി അഷ്റഫ് താമരശ്ശേരി

സന്തോഷത്തിന്‍റെ ആഹ്ളാദ നിമിഷങ്ങള്‍ കൊണ്ട് നിറയുന്ന വീട്ടിലേക്ക് മരണ വിവരം അറിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല

MediaOne Logo

Web Desk

  • Published:

    8 Feb 2023 8:16 AM GMT

Ashraf Thamarasery
X

അഷ്റഫ് താമരശ്ശേരി

മക്കളുടെ വിവാഹം ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്. മകനോ മകളോ പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോള്‍ നിറഞ്ഞ മനസുമായി നില്‍ക്കുന്ന അച്ഛനും അമ്മയും ഭൂരിഭാഗം വിവാഹവീടുകളിലെയും കാഴ്ചയാണ്. എന്നാല്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം പലപ്പോഴും ഇത് സാധിക്കാറില്ല. അങ്ങ് നാട്ടില്‍ മക്കളുടെ കല്യാണം നടക്കുമ്പോള്‍ അത് മനസില്‍ കണ്ട് മാത്രം സന്തോഷിക്കാനായിരിക്കും മിക്ക പ്രവാസി പിതാക്കന്‍മാരുടെയും അവസ്ഥ. ജോലിസംബന്ധമായ കാരണങ്ങള്‍ കൊണ്ട് വിവാഹത്തിന് നാട്ടിലെത്താന്‍ കഴിയാതെ പോയ, മകളുടെ വിവാഹദിവസം ഈ ഭൂമിയില്‍ നിന്നും തന്നെ വിട്ടുപിരിയേണ്ടി വന്ന ഒരു പിതാവിനെക്കുറിച്ച് പറയുകയാണ് സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി.

അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലയക്കുന്ന നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ഒരാളുടെ ബന്ധപ്പെട്ടവര്‍ വല്ലാതെ സങ്കടപ്പെടുന്നത് കണ്ടാണ്‌ ഞാന്‍ അയാളുടെ വിവരങ്ങള്‍ കൂടുതലായി തിരക്കിയത്. ഒരു സാധാരണ പ്രവാസി. എല്ലാവരെയും പോലെ പ്രയാസങ്ങളും പ്രതിസന്ധികളും തോളിലേറ്റി മരുഭൂമിയില്‍ ചോര നീരാക്കുന്ന പച്ചയായ മനുഷ്യന്‍. അദ്ദേഹത്തിന്‍റെ മകളുടെ വിവാഹമായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച്ച. നാട്ടിലേക്ക് പോയി വിവാഹം കൂടാന്‍ നിലവിലെ സാഹചര്യങ്ങള്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. വിവാഹത്തിന് വേണ്ട സൗകര്യങ്ങള്‍ അദ്ദേഹം പരമാവധി ഒരുക്കിയിരുന്നു. സാഹചര്യങ്ങള്‍ ഒത്ത് വന്നാല്‍ എത്തിച്ചേരാം എന്ന് വാക്കും നല്‍കിയിരുന്നു. എന്ത് ചെയ്യാന്‍ കഴിയും വിധി സാഹചര്യങ്ങള്‍ ഒരുക്കിയില്ല. തന്‍റെ പ്രിയപ്പെട്ട മകളുടെ വിവാഹത്തിന്‍റെ ഒരുക്കങ്ങള്‍ കേട്ടറിഞ്ഞു.

പൂതി മനസ്സില്‍ മറവു ചെയ്ത് തന്‍റെ ജോലിയില്‍ വ്യാപൃതനായി. മകളുടെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ വളരേ ഭംഗിയായി സന്തോഷത്തോടെ നടന്നു. വിവാഹ മംഗള മുഹൂര്‍ത്തത്തില്‍ ഈ പ്രിയപ്പെട്ട പിതാവ് മോര്‍ച്ചറിയിലായിരുന്നു. തണുത്ത് വിറങ്ങലിച്ച് മോര്‍ച്ചറിയിലെ പെട്ടിയില്‍. വിവാഹത്തിനു രണ്ട് ദിവസം മുന്‍പ് അതായത് ഞായറാഴ്ച വിവാഹം നടക്കുമ്പോള്‍ വെള്ളിയാഴ്ച്ച ഈ മനുഷ്യന്‍റെ അവസാന ശ്വാസം നിലച്ചു പോയി.

പ്രിയപ്പെട്ട മകളുടെ വിവാഹം നടക്കുന്ന അതിസന്തോഷം കൊണ്ടാണോ അതോ താന്‍ കാരണവരായി നടക്കുന്ന പ്രിയപ്പെട്ട മകളുടെ വിവാഹത്തില്‍ എല്ലാവരും പങ്കെടുക്കുമ്പോള്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ വിഷമിച്ചിട്ടാണോ എന്നറിയില്ല പാവം പ്രവാസിയുടെ ഹൃദയം നിലച്ചു പോയി. സന്തോഷത്തിന്‍റെ ആഹ്ളാദ നിമിഷങ്ങള്‍ കൊണ്ട് നിറയുന്ന വീട്ടിലേക്ക് മരണ വിവരം അറിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വിവാഹം നിശ്ചിത സമയത്ത് വളരേ ഭംഗിയായി നടന്നു. മുഹൂര്‍ത്തത്തില്‍ സന്തോഷത്തിന്‍റെയോ സന്ദേഹത്തിന്‍റെയോ ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാനാകാതെ അയാള്‍ നിശ്ചലമായി മോര്‍ച്ചറിയില്‍ വിശ്രമിക്കുകയായിരുന്നു.

TAGS :

Next Story