' അവരുടെ സീറ്റിനടിയിലെ കാർഗോ അറയിൽ സ്വന്തം ഭർത്താവിന്‍റെ മൃതദേഹവും ഉണ്ടായിരുന്നുവെന്ന് ആ ഉമ്മ അറിഞ്ഞില്ല'; നൊമ്പരക്കുറിപ്പുമായി അഷ്റഫ് താമരശ്ശേരി
ഇക്കഴിഞ്ഞ ദിവസം കയറ്റി അയച്ച മൂന്ന് മൃതദേഹങ്ങളിൽ ഒന്നിന്‍റെ അവസ്ഥ വളരെ സങ്കടപ്പെടുത്തുന്നതാണ്

പ്രവാസലോകത്ത് അഷ്റഫ് താമരശ്ശേരിയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ അദ്ദേഹം പ്രവാസികൾക്ക് വേണ്ടി നിരവധി സേവനപ്രവര്‍ത്തനങ്ങൾ ചെയ്യാറുണ്ട്. സ്വന്തം നാടും വീടും ഉപേക്ഷിച്ച് ഉറ്റവര്‍ക്കായി കടൽ കടന്ന് മരുഭൂമിയിൽ രാപകൽ വിയര്‍പ്പൊഴുക്കുന്നവരുടെ കഥകൾ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുമുണ്ട്.കഴിഞ്ഞ ദിവസം അഷ്റഫ് പങ്കുവച്ച ഒരു കഥ ആരുടെയും കണ്ണ് നിറയ്ക്കും. സ്വന്തം ഭര്‍ത്താവിന്‍റെ മൃതദേഹവും തങ്ങൾക്കൊപ്പമുണ്ടെന്ന് അറിയാതെ നാട്ടിലേക്ക് യാത്ര തിരിച്ച ഒരു പ്രവാസിയുടെ ഭാര്യയുടെ കഥയാണ് അദ്ദേഹം പങ്കുവച്ചത്.
അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇക്കഴിഞ്ഞ ദിവസം കയറ്റി അയച്ച മൂന്ന് മൃതദേഹങ്ങളിൽ ഒന്നിന്‍റെ അവസ്ഥ വളരെ സങ്കടപ്പെടുത്തുന്നതാണ്. ഇദ്ദേഹം ഇവിടെ ഒരു അറബിയുടെകൂടെ ജോലി ചെയ്തു വരികയായിരുന്നു. പെട്ടെന്നാണ് അദ്ദേഹം അസുഖം വന്നു കിടപ്പിലായത്. എന്നാൽ മനുഷ്യത്വമുള്ള മനസ്സിൽ നന്മയും കരുണയുമുള്ള ആ അറബി അദ്ദേഹത്തെ കൈവിട്ടില്ല. ആ അറബി അദ്ദേഹത്തിന് വേണ്ടുന്ന എല്ലാ ചികിത്സകളും ചെയ്തുകൊടുത്തു മാത്രവുമല്ല നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും ഇവിടെ കൊണ്ടുവന്നു. അദ്ദേഹത്തോടൊപ്പം കുറച്ചുദിവസം ഭാര്യയും മകനും ചെലവഴിച്ചു.
എന്നിട്ട് ഭാര്യയും മകനും നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങി. അതിനിടയിലാണ് അദ്ദേഹം പെട്ടെന്ന് മരണപ്പെടുന്നത്. എന്നാൽ ഇക്കാര്യം ആ അറബി അദ്ദേഹത്തിന്‍റെ ഭാര്യക്ക് ഈ സന്ദർഭത്തിൽ ഇത് താങ്ങാനുള്ള മനശക്തി ഉണ്ടാവില്ലന്ന് കരുതി ഭർത്താവിന്റെ മരണവാർത്ത ഭാര്യയെ അറിയിച്ചില്ല.
എന്നാൽ മകനെ അറിയിച്ചിരുന്നു. അവർ നാട്ടിലേക്ക് പോകുന്ന വിമാനത്തിൽ ആ ഉമ്മയും മകനും സീറ്റിൽ ഇരുന്നു പോകുമ്പോൾ അവരുടെ സീറ്റിനടിയിലെ കാർഗോ അറയിൽ സ്വന്തം ഭർത്താവിന്‍റെ മൃതദേഹവും തങ്ങളോടൊപ്പം നാട്ടിലേക്ക് കൂടെ വരുന്നുണ്ടെന്ന് ആ പാവം ഉമ്മ അറിയുന്നുണ്ടായിരുന്നില്ല. നാട്ടിൽ എത്തിയശേഷമാണ് അവർ അറിയുന്നത്.
എന്തൊരു വിധിയാണിതെല്ലാം അല്ലേ? ഇവിടെ നാം മനസ്സിലാക്കേണ്ടത് മനസിൽ കരുണയുള്ള ആ സ്നേഹമുള്ള അറബിയെകുറിച്ചാണ്. മനുഷ്യത്വം വറ്റിയിട്ടില്ലാത്ത നല്ലവരായ മനുഷ്യസ്നേഹികളായ അറബികളാണ് ഇവിടുള്ളത്. ഇവിടെയാണ് മനുഷ്യ ബന്ധത്തിന്‍റെ മൂല്യം നമ്മൾ തിരിച്ചറിയുന്നത്.അവിടെയെ പടച്ചതമ്പുരാന്‍റെ തിരുനോട്ടം ഉണ്ടാവുകയുള്ളൂ. നാഥൻ തുണക്കട്ടെ.
Adjust Story Font
16

