Quantcast

മദ്യപിച്ച് വാഹന പരിശോധന നടത്തിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

എറണാകുളം ആർടി ഓഫീസിലെ എം.എസ് ബിനുവിനെതിരെയാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2025-09-11 13:52:27.0

Published:

11 Sept 2025 6:06 PM IST

മദ്യപിച്ച് വാഹന പരിശോധന നടത്തിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
X

കൊച്ചി: മദ്യപിച്ച് വാഹന പരിശോധനനടത്തിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. എറണാകുളം ആർടി ഓഫീസിലെ എം.എസ് ബിനുവിനെതിരെയാണ് നടപടി. ഇയാൾക്കെതിരേ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തിരുന്നു.

തൃക്കാക്കര തോപ്പിൽ ജങ്ഷനിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. തൃക്കാക്കരയിൽ മത്സ്യവിൽപ്പന നടത്തുകയായിരുന്ന കുടുംബത്തിൽനിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടുള്ള കാര്യം മനസിലാക്കിയതും പൊലീസിനെ വിവരം അറിയിച്ചതും.

മത്സ്യവിൽപ്പന നടത്തുന്നതിന് തൊട്ടടുത്ത് തന്നെ ഒരു ഓട്ടോറിക്ഷ കിടക്കുന്നുണ്ടായിരുന്നു. ഇത് ആരുടെ ഓട്ടോ ആണെന്ന് ചോദിച്ചപ്പോൾ തന്റെ ഭർത്താവിന്റേതാണെന്ന് യുവതി മറുപടിനൽകി. ഇതോടെ, ഓട്ടോയുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രക്കാരെ കയറ്റേണ്ട വാഹനത്തിൽ ഗുഡ്സ് കയറ്റി എന്നാണ് പരാതിയെന്നും 3000 രൂപ പിഴയടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ ഇടപെടുകയായിരുന്നു.

ഇതോടെയാണ് ഇയാൾ മദ്യപിച്ചിട്ടുണ്ട് എന്ന് മനസിലാകുന്നത്. കൂടാതെ ഇയാൾ യൂണിഫോമിലും ആയിരുന്നില്ല. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടെന്നുള്ള കാര്യം വ്യക്തമായത്. സംഭവത്തിൽ മോശമായി സംസാരിച്ചതടക്കം ചൂണ്ടിക്കാണിച്ച് മത്സ്യവിൽപ്പന നടത്തിയിരുന്ന കുടുംബം തൃക്കാക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം ഉദ്യോഗസ്ഥൻ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നോ എന്നുള്ളതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. വിഷയത്തിൽ മോട്ടോർ വാഹന വകുപ്പിൻറെ വിശദീകരണവും വരേണ്ടതുണ്ട്.

TAGS :

Next Story