ഒരു ഘട്ടത്തിലും സിപിഎം ആർഎസ്എസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല; പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ഗോവിന്ദൻ
വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ തുടങ്ങിയ പാർട്ടിയാണ് ജനതാ പാർട്ടിയെന്നും വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുണ്ടായിരുന്ന ആളുകളും സംഘടനകളും ജനസംഘത്തിൽ ഉണ്ടായിരുന്നുവെന്നും പറഞ്ഞ ഗോവിന്ദൻ താൻ പറഞ്ഞതിനെ വളച്ചൊടിച്ചുവെന്നും ആരോപിച്ചു

എം.വി ഗോവിന്ദൻ
നിലമ്പൂർ: സിപിഎം ആർഎസ്എസ് കൂട്ടുകെട്ടുണ്ടായിരുന്നുവെന്ന തന്റെ പ്രസ്താവനയിൽ നിന്നും മലക്കം മറിഞ്ഞ് എം.വി ഗോവിന്ദൻ. വർഗീയവാദികളുമായി കൂട്ടുകൂടാൻ ശ്രമിച്ചു എന്ന് താൻ പറഞ്ഞതായി കള്ളപ്രചാരവേല ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു ഘട്ടത്തിലും സിപിഎം ആർഎസ്എസുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ചരിത്രത്തെ ചരിത്രമായി കാണണം. അടിയന്തരാവസ്ഥ അർധ ഫാസിസത്തിന്റെ ഭാഗമായിരുന്നു. ഇന്ദിരാഗാന്ധിയുടെ അമിതാധികാര വാഴ്ചക്കെതിരായി രാജ്യത്താകമാനം പ്രതിഷേധം ഉണ്ടായി. ഈ അമിതാധികാരത്തിനെതിരായിട്ടാണ് യോജിച്ച പ്രവർത്തനം ഉണ്ടായതെന്നും ഗോവിന്ദൻ വ്യക്തമാക്കി. വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ തുടങ്ങിയ പാർട്ടിയാണ് ജനതാ പാർട്ടിയെന്നും വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുണ്ടായിരുന്ന ആളുകളും സംഘടനകളും ജനസംഘത്തിൽ ഉണ്ടായിരുന്നുവെന്നും പറഞ്ഞ ഗോവിന്ദൻ താൻ പറഞ്ഞതിനെ വളച്ചൊടിച്ചുവെന്നും ആരോപിച്ചു. വിമോചന സമരത്തിന്റെ ഘട്ടത്തിൽ കോൺഗ്രസ് ആർഎസ്എസുമായി സഹകരിച്ചുവെന്നും ഇടതുപക്ഷത്തിന് ആർഎസ്എസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

