കോട്ടയത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം
കുഞ്ഞിൻ്റെ അമ്മ എതിർത്തതോടെയാണ് ശ്രമം പരാജയപ്പെട്ടത്

കോട്ടയം: കോട്ടയം കുമ്മനത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം. അസം സ്വദേശിയായ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ കുമരകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന യുപി സ്വദേശിക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. ഇവർ അസം സ്വദേശികളാണ്.
അര ലക്ഷം രൂപക്കാണ് വിൽപ്പന നടത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ എതിർത്തതോടെയാണ് ശ്രമം പരാജയപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇവരുടെ രണ്ട് മക്കളിൽ മൂന്ന് മാസം പ്രായമുള്ള രണ്ടാമത്തെ കുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിൻ്റെ അമ്മയോടൊപ്പം അയൽക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ കൂടി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. കുടുംബത്തിന് ഒപ്പം താമസിക്കുന്ന മറ്റ് തൊഴിലാളിയാണ് വിവരം അറിയിച്ചതെന്ന് തൊഴിൽ ഉടമ പറഞ്ഞു. അന്വേഷിച്ചപ്പോൾ വസ്തുതയുണ്ടെന്ന് മനസ്സിലായതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ കുട്ടിയെ കടത്തുമായിരുന്നു. പിതാവ് യുപി സ്വദേശിയിൽ നിന്ന് 1000 രൂപ അഡ്വാൻസ് വാങ്ങിയെന്നും തൊഴിൽ ഉടമ പറഞ്ഞു. കുഞ്ഞിൻ്റെ അമ്മയെയും കുട്ടികളെയും പോലീസ് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി. അസം, യുപി ഭാഷ കൈകാര്യം ചെയ്യുന്നവരുടെ സഹായത്തോടെ പൊലീസ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു.
Adjust Story Font
16

