Quantcast

കാട്ടുപന്നിക്കൊപ്പം കിണറ്റിൽ വീണു; അയ്യപ്പനിത് രണ്ടാം ജന്മം

ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ ഭാഗത്ത് കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കുന്നതിനിടെയാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Published:

    23 Feb 2024 4:12 PM GMT

Ayyappan who fell into a well while shooting wild boars,
X

മലപ്പുറം: കാട്ടുപന്നികളെ വെടിവെക്കുന്നതിനിടെ കിണറ്റിൽ വീണ അയ്യപ്പനിത് രണ്ടാം ജന്മം. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ ഭാഗത്ത് കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാട്ടിൽ നിന്ന് അയ്യപ്പന് നേരെ ചാടിയ കാട്ടു പന്നിയും അയ്യപ്പനും ഒരേ കിണറ്റിൽ വീഴുകയായിരുന്നു. കിണറ്റിൽ വീണ അയ്യപ്പൻ രക്ഷപ്പെട്ടത് ഭാഗ്യത്തിനാണ്.

വ്യാഴാഴ്ച വൈകുന്നേരം ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ കൂരിപ്പൊയിൽ ഭാഗത്ത് നടത്തിയ വെടിവെക്കലിനിടെയാണ് അപകടമുണ്ടായത്. കാട്ടിൽ ഒളിഞ്ഞിരിക്കുന്ന പന്നികളെ പുറത്ത് ചാടിക്കുന്നതിനിടയിലാണ് പെരിന്തൽമണ്ണ സ്വദേശി താമരത്ത് അയ്യപ്പൻ മാളിയേക്കൽ മോരംപാടത്തെ കാവിൽ വെച്ച് കൂറ്റൻ പന്നിയെ കണ്ടത്. ചീറി വന്ന പന്നിയുടെ മുൻപിൽ നിന്ന് തെന്നി മാറിയ അയ്യപ്പൻ സമീപത്തുള്ള കിണറ്റിൽ വീണു. തൊട്ട് പിറകിൽ ആക്രമിക്കാനെത്തിയ പന്നിയും വീണു.

കിണറ്റിൽ വെള്ളം ഉണ്ടായിരുന്നതിനാൽ പന്നി ചാടിയപ്പോൾ അയ്യപ്പൻ മുങ്ങി കിടന്നതിനാൽ ശരീരത്തിൽ തട്ടിയില്ല. പന്നി അടുത്തെത്തുമ്പോഴേക്കും മുങ്ങിയും താഴ്ന്നും അയ്യപ്പൻ ഒഴിഞ്ഞു മാറി. ഷൂട്ടറായ ദിലീപ് രണ്ടും കൽപിച്ച് പന്നിക്ക് നേരെ ഉന്നം പിടിച്ചു. വെടി ഉതിർക്കുന്നതോടെ അയ്യപ്പനോട് വെള്ളത്തിൽ മുങ്ങാൻ പറഞ്ഞു. പന്നിക്ക് വെടി തട്ടിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാവുകയും ചെയ്യും. അയ്യപ്പൻ പതറിയില്ല. വെടി ഉതിർക്കാൻ അനുമതി നൽകി. നിമിഷ നേരം കൊണ്ട് പദ്ധതി വിജയിച്ചു. പന്നിയ്ക്ക് വെടികൊണ്ടു. ഇതോടെ ആദ്യം അയ്യപ്പനേയും ശേഷം വെടിയേറ്റ പന്നിയേയും കരയ്‌ക്കെത്തിച്ചു. കിണറിലേക്കുള്ള വീഴ്ചയിൽ കാലിന് നിസാര പരിക്ക് മാത്രമാണ് അയ്യപ്പന് പറ്റിയത്. പന്നിക്കൊപ്പം കിണറ്റിൽ വീണ അയ്യപ്പന്റെയും ഷൂട്ടറായ ദീലീപിന്റെയും നിശ്ചയദാർഡ്യമാണ് വൻ അപകടം ഒഴിവാക്കിയത്.

ചോക്കാടിൽ നിന്ന് ആറും കാളികാവിൽ നിന്ന് അഞ്ചും ഉൾപ്പെടെ 11 പന്നികളെയാണ് വ്യാഴാഴ്ച വെടിവെച്ചിട്ടത്. കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ കൂനിയാറയിലെ റബ്ബർ തോട്ടത്തിൽ സംസ്‌കരിക്കുകയും ചെയ്തു.

TAGS :

Next Story