കുറ്റ്യാടിയിൽ ഭീതി പരത്തിയ കുട്ടിയാനയെ ഇന്ന് മയക്കുവെടി വെക്കും; നടപടി നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ
നിരവധി ആളുകൾക്കാണ് കുട്ടിയാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്

കോഴിക്കോട്: കുറ്റ്യാടിയിൽ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും . നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പ് ആനയെ പിടികൂടാൻ ഒരുങ്ങുന്നത്. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കുട്ടിയാന നിരവധി ആളുകളെ ആക്രമിച്ചിരുന്നു . സ്ഥലത്ത് വലിയ കൃഷിനാശവും ആന ഉണ്ടാക്കിയിരുന്നു.
ദിവസങ്ങളായി കോഴിക്കോട് കുറ്റ്യാടിയിലെ കാവിലുംപാറ, ചൂരണി ജനവാസ മേഖലകളിൽ തുടരുന്ന കുട്ടിയാന വലിയ ഭീതി സൃഷ്ടിച്ചിരുന്നു . നിരവധി ആളുകൾക്കാണ് കുട്ടിയാനയുടെ ആക്രമണത്തിൽ പരിക്കേറ്റത് . തങ്ങൾക്ക് ഭീഷണിയായ ആനയെ പിടികൂടാൻ വനം വകുപ്പ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടാനയെ മയക്ക് വെടിവെക്കാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു . എന്നാൽ തുടർച്ചയായി രണ്ടുദിവസം ജനവാസ മേഖലയിൽ തന്നെ കാട്ടാന തമ്പടിച്ചിട്ടും ഇതിനെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു . ഇതിൽ പ്രതിഷേധിച്ച് ഇവർ വയനാട് കുറ്റ്യാടി റോഡ് ഉപരോധിച്ചു .
തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ ഇന്ന് തന്നെ മയക്കുവെടി വെക്കുമെന്ന് ഉറപ്പ് നൽകി . ഇതോടെ നാട്ടുകാർ പ്രതിഷേധത്തിൽ നിന്നും പിന്മാറി . വെറ്റിനററി ഡോക്ടർ ഇന്ന് സ്ഥലത്ത് എത്തും. ആനയെ നിരീക്ഷിച്ച് ആരോഗ്യം പരിശോധിച്ച ശേഷമായിരിക്കും മയക്കു വെടി വയ്ക്കുക. ആര്‍ആര്‍ടി സംഘം കുട്ടിയാനയെ നിരീക്ഷിക്കുന്നുണ്ട്. തള്ളയാന ചെരിഞ്ഞതോടെ ഒറ്റപ്പെട്ട കുട്ടിയാനയാണ് കുറ്റ്യാടിയിലെ ജനവാസ മേഖലയിൽ എത്തിയത്.
Adjust Story Font
16

