ഒന്നരവയസുകാരിയെ പുഴയിൽ തള്ളിയിട്ടു കൊന്നത് അച്ഛൻ തന്നെ; പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊർജിതം
ഭാര്യയെയും കുഞ്ഞിനെയും പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ ഭര്‍ത്താവായ ഷിജു തന്നെയാണ് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

പാനൂർ പാത്തിപ്പാലത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അച്ഛന്‍ തന്നെയെന്ന് പൊലീസ്. കൊല്ലേരി യു.പി സ്കൂളിലെ അധ്യാപികയായ സോനയുടെ മകൾ അൻവിതയാണ് കൊല്ലപ്പെട്ടത്. ഭാര്യയെയും കുഞ്ഞിനെയും പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ ഭര്‍ത്താവായ ഷിജു തന്നെയാണ് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
പുഴയിൽ വീണ് മുങ്ങിത്താണുകൊണ്ടിരുന്ന സോനയെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപെടുത്തിയത്. സോനയുടെ ഒന്നര വയസുകാരിയായ മകളുടെ ജീവന്‍ പക്ഷേ രക്ഷിക്കാനായിരുന്നില്ല. തന്നെയും കുട്ടിയേയും ഭർത്താവ് ഷിജു പുഴയിൽ തള്ളിയിട്ടതാണെന്ന് സോന പൊലീസിന് മൊഴി നൽകിയിരുന്നു
ഒളിവിൽ കഴിയുന്ന പ്രതിയായ ഷിജുവിനെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് പറഞ്ഞു. അൻവിതയെ കൊലപ്പെടുത്തിയതിനും ഭാര്യയായ സോനയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും പൊലീസ് ഷിജുവിനെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴരയോടെ വളള്യായി റോഡിൽ ചാത്തൻമൂല വാട്ടർ ടാങ്കിനോട് ചേർന്ന ഭാഗത്താണ് സംഭവം. സോനയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഇവിടേക്ക് ഓടിയെത്തിയത്. പുഴയിൽ മുങ്ങിത്താഴുന്ന സോനയെ ആദ്യം രക്ഷപെടുത്തി കരക്കെത്തിച്ചു. പിന്നീടാണ് കുഞ്ഞും പുഴയിൽ മുങ്ങിയ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്‍റെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.തലശ്ശേരി കോടതിയിലെ ജീവനക്കാരനായ ഭർത്താവ് ഷിജുവിനൊപ്പം ബൈക്കിലാണ് സോനയും മകളും പുഴക്കരയിൽ എത്തിയത്. ബൈക്ക് പുഴയുടെ സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു.
Adjust Story Font
16

