ജലാശയങ്ങളിൽ ബാക്ടീരിയകളുടെ സാന്നിധ്യം അപകടകരമായ അളവിൽ ;കൊച്ചിയുടെ അവസ്ഥ ഭയാനകമെന്ന് മുന്നറിയിപ്പ്
നഗരത്തിലെ ഒരു കിണറിലെ വെള്ളം പോലും നേരിട്ട് കുടിക്കാൻ യോഗ്യമല്ലെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി പറയപ്പെടുന്ന ഇൻഡോറിൽ മലിനജലം കുടിച്ച് ആളുകൾ മരണപ്പെട്ടത് ഒരു മുന്നറിയിപ്പാണ്. എന്നാൽ ശുചിത്വ പട്ടികയിൽ 50-ാം സ്ഥാനത്തുള്ള കൊച്ചിയുടെ അവസ്ഥ അതിലും ഭയാനകമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നഗരത്തിലെ ജലാശയങ്ങളിൽ ബാക്ടീരിയകളുടെ സാന്നിധ്യം അപകടകരമായ അളവിൽ വർധിച്ചിരിക്കുകയാണ് എന്ന ഏറ്റവും പുതിയ റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നതാണ്.
കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് പുറത്തുവിട്ട കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ കൊച്ചി നഗരം നേരിടുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൊച്ചിയിലെ ജലാശയങ്ങളിൽ ടോട്ടൽ കോളിഫോം , ഫീക്കൽ കോളിഫോം എന്നീ ബാക്ടീരിയകളുടെ അളവ് ക്രമാതീതമായി വർധിച്ചിരിക്കുന്നു.സെപ്റ്റിക് മാലിന്യങ്ങൾ നേരിട്ട് ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നതാണ് ഈ ബാക്ടീരിയകളുടെ പ്രധാന ഉറവിടം.
പരിശോധന നടത്തിയ അലുവ സ്റ്റേഷനിൽ ടോട്ടൽ കോളിഫോം 3,950-ഉം ഫീക്കൽ കോളിഫോം 1,568-ഉം എന്ന റെക്കോർഡ് നിലയിലാണ് എത്തിയത്. നഗരത്തിലെ ഒരു കിണറിലെ വെള്ളം പോലും നേരിട്ട് കുടിക്കാൻ യോഗ്യമല്ലെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.ജലാശയങ്ങളിലെ ഓക്സിജന്റെ അളവ് കുറയുന്നതും ജൈവമാലിന്യത്തിന്റെ വർധനവും കാരണം കൊച്ചിയിലെ ജലം 'C' കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.മഴക്കാലത്ത് സെപ്റ്റിക് ടാങ്കുകൾ കവിഞ്ഞൊഴുകി കനാലുകളിലും ഡ്രെയിനേജുകളിലും കലരുന്നത് സ്ഥിതി സങ്കീർണ്ണമാക്കുന്നു.
പൈപ്പ് ലൈനുകളിൽ ഉണ്ടാകുന്ന പൊട്ടലുകളിലൂടെ മലിനജലം ശുദ്ധജല വിതരണ സംവിധാനത്തിലേക്ക് കടന്നുകൂടാനുള്ള സാധ്യതയും നിലനിൽക്കുന്നു.വേമ്പനാട് കായലിന്റെ എറണാകുളം ഭാഗത്താണ് ആലപ്പുഴയേക്കാളും കോട്ടയത്തേക്കാളും കൂടുതൽ മലമൂത്ര വിസർജ്യ ബാക്ടീരിയകൾ ഉള്ളതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മാലിന്യ നിർമ്മാർജ്ജനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വീഴ്ച വരുത്തിയാൽ അത് കൊച്ചിയെ മറ്റൊരു ദുരന്തത്തിലേക്ക് കൊണ്ടുപോകും എന്നതിൽ സംശയമില്ല.
Adjust Story Font
16

