Quantcast

മുസ്‌ലിം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സംഘ്പരിവാറിനോട് കിടപിടിക്കുന്നതാണ് കമ്മ്യൂണിസവും: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

കമ്മ്യൂണിസത്തെ വെള്ള പൂശുന്നവർ സ്വന്തം സമുദായത്തെ ഓര്‍ത്തെങ്കിലും യാഥാര്‍ഥ്യം തുറന്ന് പറഞ്ഞ് പണ്ഡിത ധര്‍മം നിറവേറ്റണമെന്നും ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-10-02 18:01:19.0

Published:

2 Oct 2023 6:00 PM GMT

മുസ്‌ലിം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സംഘ്പരിവാറിനോട് കിടപിടിക്കുന്നതാണ് കമ്മ്യൂണിസവും: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
X

മലബാറിലെ മുസ്ലിം പെൺകുട്ടികൾ തട്ടമഴിച്ചു വെക്കാനുള്ള കാരണം ഇടതുപക്ഷത്തിന്റെ പോരാട്ടമാണ് എന്ന സിപിഎം നേതാവ് അനിൽകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ സമസ്ത നേതാവ് ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം, കുടില സങ്കുചിതമായ മുസ്‌ലിം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സംഘ്പരിവാറിനോട് കിടപിടിക്കുന്നതാണ് കമ്മ്യൂണിസമെന്ന് ബഹാഉദ്ദീൻ നദ്‌വി പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസം വെറും രാഷ്ട്രീയ പാര്‍ട്ടിയാണെന്നും മതനിരാസ ആശയങ്ങളും മുസ്‌ലിം വിരുദ്ധ അജണ്ടകളും ഉള്ളടക്കത്തിലില്ല എന്നുമുള്ള ഭാഷ്യം തീര്‍ത്തും കപടമാണെന്ന് തെളിയിക്കുന്നതാണ് പുതിയ പ്രസ്താവനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറത്തെ മുസ്‌ലിം പെണ്‍കുട്ടികള്‍ തട്ടം അഴിച്ചു വെച്ചത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ സ്വാധീനം മൂലമാണെന്ന പാര്‍ട്ടി നേതാവിന്റെ പ്രസ്താവനയാണ് പുതിയ ചര്‍ച്ചാ വിഷയം. മതനിരാസവും ദൈവനിഷേധവും ആശയമായി സ്വീകരിച്ചവരാണ് കമ്മ്യൂണിസ്റ്റുകള്‍. സോവിയറ്റ് റഷ്യയിലും മറ്റു നാടുകളിലും മുസ്‌ലിംകളെ ഉന്മൂലനം ചെയ്ത് അധമരാക്കിയ ചരിത്രമാണ് അവരുടേത്. എന്നാല്‍, സമീപകാലത്ത് നമുക്കിടയില്‍ കമ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെടുകയും അത് കേവലമൊരു രാഷ്ട്രീയ ആശയം മാത്രമാണെന്ന ചിന്ത പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകള്‍ ദൈവ വിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയണം. മാര്‍ക്‌സും എംഗല്‍സും മുതല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വരെ അത് സുതരാം വ്യക്തമാക്കിയതാണ്. 'കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വം ആരംഭിക്കുന്നു'വെന്നാണ് മാര്‍ക്‌സിന്റെ വീക്ഷണം. കേരളത്തിലെ കമ്മ്യൂണിസം വെറും രാഷ്ട്രീയ പാര്‍ട്ടിയാണെന്നും മതനിരാസ ആശയങ്ങളും മുസ്‌ലിം വിരുദ്ധ അജണ്ടകളും ഉള്ളടക്കത്തിലില്ല എന്നുമുള്ള ഭാഷ്യം തീര്‍ത്തും കപടമാണെന്ന് തെളിയിക്കുന്നതാണ് പുതിയ പ്രസ്താവന. രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം, കുടില സങ്കുചിതമായ മുസ്‌ലിം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സംഘ്പരിവാറിനോട് കിടപിടിക്കുന്നതാണ് കമ്മ്യൂണിസവും.

മലപ്പുറത്തെ വര്‍ഗീയമായും ഇവിടത്തെ മുസ്‌ലിം കുട്ടികള്‍ തട്ടം ഉപേക്ഷിച്ചത് പാര്‍ട്ടി നേട്ടമായും കണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വതന്ത്ര ചിന്തയും ലൈംഗികതയും പ്രചരിപ്പിച്ച് സമൂഹത്തെ ഏറെ അസംസ്‌കൃതരാക്കുകയാണ് ഇടതുപക്ഷം. ഇനിയും കമ്മ്യൂണിസം കേവല രാഷ്ട്രീയമാണെന്ന് പ്രസംഗിക്കുന്നവരും പ്രചരിപ്പിക്കുന്നവരും കമ്മ്യൂണിസത്തെ വെള്ള പൂശുന്നവരും സ്വന്തം സമുദായത്തെ ഓര്‍ത്തെങ്കിലും മൗനം ഭജിക്കുകയോ യാഥാര്‍ഥ്യം തുറന്ന് പറഞ്ഞ് പണ്ഡിത ധര്‍മം നിറവേറ്റുകയോ ചെയ്യണമെന്നാണ് വിനീത അഭ്യര്‍ത്ഥന. സംശയാലുക്കള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മറ്റു സാഹിത്യങ്ങളും നോക്കി പഠിക്കുന്നത് നന്നാകും. സര്‍വ ശക്തന്‍ അനുഗ്രഹിക്കട്ടെ.


TAGS :

Next Story