Quantcast

ബാലറ്റ് പെട്ടി കാണാതായ സംഭവം: തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

നാലാഴ്ചക്കുളളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം

MediaOne Logo

Web Desk

  • Updated:

    2023-02-16 11:50:15.0

Published:

16 Feb 2023 11:40 AM GMT

Ballot box missing incident in Perinthalmanna
X

മലപ്പുറം: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ തപാൽ ബാലറ്റ് പെട്ടി കാണാതായതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി . നാലാഴ്ചക്കുളളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. സീൽ ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയിൽ നടത്തും.

സ്‌പെഷൽ തപാൽ വോട്ടുകൾ അടങ്ങിയ ബാലറ്റുപെട്ടി കാണാതായതടക്കം നാല് വിഷയങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കേണ്ടത്. അന്വേഷണം പൂർത്തിയാക്കി നാലാഴ്ചക്കകം റിപ്പോർട്ട് നൽകാനും ഹൈക്കോടതി നിർദേശിച്ചു. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേർക്കുന്നതിൽ നിയമപരമായുള്ള തടസവും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ആവശ്യപ്പെട്ടാൽ എന്ത് സഹായവും നൽകാൻ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ ഹരജിക്കാർ സ്വാഗതം ചെയ്തു. തങ്ങൾ ആവശ്യപ്പെട്ട ഡിമാൻഡാണ് കോടതി പറഞ്ഞതെന്നും കോടതിയിൽ വിശ്വാസമുണ്ട് എന്നുമായിരുന്നു നജീബ് കാന്തപുരം എം.എൽ.എയുടെ പ്രതികരണം. "കേസിനെക്കുറിച്ച് സാമാന്യ ബോധമില്ലാത്തവരാണ് എണ്ണാൻ പറയുന്നത്. കേസ് പ്രാഥമിക ഘട്ടത്തിൽ പോലും എത്തിയില്ല, ഞങ്ങൾ ആവശ്യപ്പെട്ട ഡിമാന്റാണ് ഇന്ന് കോടതി പറഞ്ഞത്.

ഒരേ പോലുള്ള രണ്ട് പെട്ടികളാണ് ഇവിടെ നിന്നും കൊണ്ടു പോയത് , അവിടെ എത്തിയത് രണ്ട് തരം പെട്ടികൾ. കൃത്രിമങ്ങൾ നടന്നത് രജിസ്ട്രാർ ഓഫീസിൽ നിന്നാണെന്നാണ് അനുമാനം. എല്ലാ തരത്തിലുമുള്ള അട്ടിമറിയും നടന്നു. പെട്ടി തന്നെ മാറിയിട്ടാണ് കോടതിയിൽ എത്തിയത്. ഒരു കവർ കൂടി അധികമായും എത്തി. സർക്കാരിന്റെ അന്വേഷണവും പോലീസിന്റെ അന്വേഷണവും തൃപ്തികരമല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് അന്വേഷിക്കേണ്ടത്. കോടതിയിൽ വിശ്വാസമുണ്ട്. പാർട്ടിക്കും എനിക്കും ആശങ്കയില്ല.". നജീബ് കാന്തപുരം പറഞ്ഞു.

ഹൈക്കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയിൽ നടത്താമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പരിശോധന നടത്താനാണ് നിർദേശം. ഹരജിക്കാരുടെയും എതിർകക്ഷികളുടെയും അഭിഭാഷകർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധനയിൽ പങ്കെടുക്കാം. ജസ്റ്റിസ് ബദറുദ്ദീന്റെ കോടതിയിലാണ് പരിശോധന നടത്തുക.

TAGS :

Next Story