Quantcast

ബാണാസുര സാഗർ ഡാം തുറന്നു; പുറത്തേക്കൊഴുക്കുന്നത് സെക്കന്‍റില്‍ 35 ക്യുമിക്സ് വെള്ളം

ഇടുക്കി,മുല്ലപ്പെരിയാര്‍ ഡാമുകളിലും ജല നിരപ്പുയര്‍ന്നു

MediaOne Logo

Web Desk

  • Updated:

    2022-08-08 04:05:18.0

Published:

8 Aug 2022 3:24 AM GMT

ബാണാസുര സാഗർ ഡാം തുറന്നു; പുറത്തേക്കൊഴുക്കുന്നത് സെക്കന്‍റില്‍ 35 ക്യുമിക്സ് വെള്ളം
X

കല്‍പറ്റ: ജലനിരപ്പുയർന്നതോടെ വയനാട് ബാണാസുര സാഗർ ഡാം തുറന്നു. ഷട്ടറുകൾ ഉയർത്തിയതോടെ സെക്കൻഡിൽ 35 ക്യുമിക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ശനിയാഴ്ച പെയ്ത കനത്ത മഴയോടു കൂടിത്തന്നെ ഇന്നലെ ഉച്ചയോടുകൂടി ഡാം തുറക്കാനുള്ള തീരുമാനമെടുത്തിരുന്നു. ശേഷം മഴയുടെ ശക്തി കുറയുകയായിരുന്നു. രാത്രിയോടുകൂടി മഴ വീണ്ടും ശക്തിയാർജ്ജിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ന് എട്ട് മണിയോടു കൂടി ഡാം തുറക്കാൻ തീരുമാനിച്ചത്.

വൃഷ്ടി പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഡാം തുറക്കുന്നതിന് മുൻപ് വെള്ളം സാരമായി ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ള ആളുകളെയൊക്കെ മാറ്റിപ്പാർപ്പിച്ചുകൊണ്ടുള്ള എല്ലാ മുൻ കരുതലുകളും ജില്ലാഭരണകൂടം സ്വീകരിച്ചിരുന്നു.

വൈകിട്ടോടെ പനമരം ഭാഗങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ മഴക്കാലത്താണ് ഡാം അവസാനമായി തുറന്നത്.

അതേസമയം ഡാമുകൾ തുറക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ബാണാസുരയില്‍ ഇപ്പോൾ ആശങ്കയില്ല. കബനി നദിയിൽ വെള്ളം കുറക്കാൻ കർണാടക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വയനാട് ജില്ലയിൽ എൻഡിആർഎഫ് ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ജലനിരപ്പ് ക്രമീകരിക്കാൻ സംസ്ഥാനത്ത് കൂടുതല്‍ ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പുയരുകയാണ്. ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഇന്ന് കൂടുതൽ ഉയർത്തും. തുറന്ന മൂന്ന് ഷട്ടറുകളിലൂടെ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് നിലവിൽ പുറത്തേക്ക് ഒഴുക്കുന്നത്. അതേസമയം, മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 138.35 ലെത്തി. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിരുന്നു. 2122 ഘനയടിയാണ് തമിഴ്‌നാട് എടുക്കുന്നതെങ്കിലും പത്ത് ഷട്ടറുകളിലൂടെ 3166 ഘനയടി വെള്ളം പുറത്തു വിടുന്നുണ്ട്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടമലയാർ ഡാം നാളെ തുറക്കും. ഡാമിലെ ഉയർന്ന ജലവിതാനം 163 മീറ്ററാണ്. ആദ്യം 50 ക്യുമെക്‌സ് ജലവും തുടർന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്ന് വിടുക. ഡാം തുറന്നാൽ വെള്ളം ആദ്യം ഒഴുകി എത്തുന്നത് ഭൂതത്താൻകെട്ട് ബാരേജിലേക്കാണ്. ബാരേജിൻറെ എല്ലാ ഷട്ടറുകളും നിലവിൽ തുറന്നിരിക്കുകയാണ്. ജലവിതാനം 162.50ആയതോടെ ഇന്നലെ രാത്രി സ്ഥലത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഇടുക്കി ഡാമിനൊപ്പം ഇടമലയാർ ഡാമുകൂടി തുറക്കുന്നതോടെ രണ്ട് ഡാമുകളിൽ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആവശ്യമായ മുൻകരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം കക്കി - ആനത്തോട് റിസർവോയർ ഷട്ടറും ഇന്ന് തുറക്കുമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു. രാവിലെ 11 ന് ഷട്ടർ തുറക്കുമെന്നാണ് പത്തനതിട്ട ജില്ലാ കലക്ടർ അറിയിച്ചിരിക്കുന്നത്.

TAGS :

Next Story